ശാസ്താംകോട്ട: ബിഎസ്എന്‍എല്‍ ശാസ്താംകോട്ട ഓഫീസിലെ കസ്റ്റമര്‍ കെയര്‍ സെന്റര്‍ രാഷ്ട്രീവത്ക്കരിക്കാന് നീക്കം. ബിഎംഎസ് യൂണിയന് ശക്തമായ സ്വാധീനമുള്ള ഈ ഓഫീസില്‍ പുറംകരാര്‍ എന്ന പേരില്‍ സിപിഎമ്മുകാരെ തിരുകികയറ്റുന്നതിന്റെ ഭാഗമായാണ് ഓഫീസില്‍ തുഗ്ലക് പരിഷ്കാരം കൊണ്ടുവന്നത്.
ഓഫീസിലെ ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഏഴോളം ജീവനക്കാരെ ഇതിന്റെ ഭാഗമായി സ്ഥലംമാറ്റാനാണ് നീക്കം. ഇവരെ ഒഴിവാക്കി പുറത്തു നിന്നും പാര്‍ട്ടി നിര്‍ദേശിക്കുന്നവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് പരിപാടി. ദിനംപ്രതി അര ലക്ഷം രൂപക്ക് മുകളില്‍ ഇവിടെ വരുമാനമുണ്ട്. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഫോണ്‍ ബില്ലുകള്‍, വ്യക്തിഗത ഫോണ്‍ ബില്ലുകള്‍ എന്നിവ അടയ്ക്കുന്നത് ഈ കേന്ദ്രത്തിലാണ്. കൂടാതെ ഉപഭോക്താക്കളുടെ പരാതിപരിഹാര കേന്ദ്രം കൂടിയാണ് ഇവിടം. പരാതികള്‍ സമയബന്ധിതമായി ഇവിടെ പരിഹരിക്കുന്നുമുണ്ട്. ഈ സ്ഥാനത്ത് പുറംകരാറുകാര്‍ വന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഈ കേന്ദ്രം കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ലന്ന് ജീവനക്കാര്‍ ആരോപിച്ചു. തികച്ചും സാമ്പത്തികലാഭം മാത്രം ഉദ്ദേശിച്ചെത്തുന്ന പുറംകരാറുകാര്‍ ഈ കേന്ദ്രത്തെ കറവപശുവാക്കി അടച്ചു പൂട്ടിക്കുമെന്നാണ് ജീവനക്കാര്‍ കാര്യകാരണസഹിതം വ്യക്തമാക്കുന്നത്. ജനസേവന കേന്ദ്രം കച്ചവട കേന്ദ്രമാക്കുമ്പോള്‍ ആള്ക്കാര് ഇവിടെ വരാന്‍ മടിക്കുമെന്നത് വ്യക്തമാണ്.
ശാസ്താംകോട്ട ഓഫീസില്‍ ബിഎംഎസ് യൂണിയന് ശക്തമാകുകയും അടുത്തിടെ യൂണിറ്റ് രൂപീകരിക്കുകയുമുണ്ടായി. തുടര്‍ന്നാണ് ബിഎസ്എന്‍എലിന്റെ ജില്ലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് ഇടപെട്ട് പുറംകരാറുകാര്‍ക്ക് കസ്റ്റമര്‍ കെയര്‍ സെന്റര്‍ നല്കാന് അണിയറ നീക്കം തുടങ്ങിയത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തിയായിട്ടാണ് ഈ ഉദ്യോഗസ്ഥന് പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: