കൊല്ലം: കൊട്ടിയത്തെ കൊച്ചുച്ചിറ മൈതാനവുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. 2.7 ഏക്കര്‍ മൈതാനഭൂമി കയ്യേറി മതില്കെട്ടിയെടുക്കുകയാണ് ബിഷപ്പിന്റെ നേതൃത്വത്തില്‍ സഭ ചെയ്യുന്നതെന്നാണ് പൗരസമിതിയുടെ ആരോപണം. എന്നാല്‍ കൃത്യമായ രേഖകളുണ്ടെന്നും ഭൂമി തങ്ങളുടെതാണെന്നുമാണ് ബിഷപ്പിന്റെ നിലപാട്.
സര്‍ക്കാര്‍ ഭൂമിയുടെ അതിര്‍ത്തി ഉടനടി അടയാളപ്പെടുത്തി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംരക്ഷണസമിതി ഭാരവാഹികളായ ഹരിചന്ദ്രന്, കെ.ബി.ഷഹാല്‍, ഷിബു പണിക്കര്‍, എഡ്മണ്ട് നിക്കോളാസ് എന്നിവര്‍ കഴിഞ്ഞദിവസം രംഗത്തെത്തി. കളക്ടറെ നേരില്‍ കണ്ട് പരാതിയും നല്കി. സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം 3.40 ഏക്കര്‍ സ്ഥലമാണ് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യാജരേഖ ചമച്ച് രണ്ടേക്കര്‍ സ്ഥലം ബിഷപ്പിന്റെ പേരില്‍ പോക്കുവരവ് ചെയ്തതായി കളക്ടറും ലാന്‍ഡ് റവന്യൂ കമ്മിഷണറും കണ്ടെത്തി തിരിച്ചെടുത്തതാണ്. ഇക്കാര്യം ഹൈക്കോടതിയും ശരിവച്ചതാണ്. എന്നാല്‍ ഭൂമി വീണ്ടും അന്യാധീനപ്പെട്ട അവസ്ഥയാണ്. മുന്‍പ് ഇത് തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 2.75 ഏക്കര്‍ അവരുടേതാക്കാന്‍ ശ്രമിക്കുന്നതായും സമിതി ആരോപിച്ചു. വിജില്‍നെറ്റ് എന്ന സംഘടന ഭൂമി തിരിച്ചെടുക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും പരാതി നല്കി. ഭൂമിതട്ടിപ്പ് തടയുന്നതിന് കളക്ടര്‍ നടപടി സ്വീകരിച്ചിട്ടില്ല. തട്ടിപ്പിന് ഉത്തരവാദികളായ വില്ലേജ് ഓഫീസര്‍മുതല്‍ കളക്ടര്‍വരെയുള്ള ഉദ്യോഗസ്ഥര്ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
അതേസമയം സ്ഥലം കൈയേറിയതെന്നത് വ്യാജപ്രചാരണമാണെന്നും സ്ഥലം കൊല്ലം രൂപതയുടെതാണെന്നുമാണ് സഭാനിലപാട്. കൊല്ലം മെത്രാസനമന്ദിരത്തില്‍ കൂടിയ യോഗത്തില്‍ ബിഷപ്പ് അല്മായ പ്രതിനിധികളോട് ഇക്കാര്യം വിശദീകരിച്ചു. ബിഷപ്പ് ബെന്‍സിഗര്‍ 86 കൊല്ലം മുന്‍പ് വിലയ്ക്കുവാങ്ങിയതാണ് സ്ഥലമെന്നും സംരക്ഷണഭിത്തി നശിപ്പിച്ച് ഭൂമി കൈയേറിയതാണെന്നും സഭ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: