ഏറ്റുമാനൂര്‍: ഒരു വ്യക്തിയുടെ സമഗ്രമായ വികാസത്തിന് മാതൃഭാഷ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും സാമൂഹിക ജീവിതത്തിന്റെ എല്ല രംഗങ്ങളിലും മാതൃഭാഷയ്ക്ക് പ്രധാന്യം നല്കുന്ന വ്യവസ്ഥിതി രൂപപ്പെടണമെന്നും അമൃതഭാരതി വിദ്യാപീഠം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
മലയാളഭാഷയുടെ വിപുലമായ പദസമ്പത്തില്‍ വികലമായ അര്‍ത്ഥതലങ്ങള്‍ കടത്തി വിടുന്ന തെറ്റായ പ്രവണതകള്‍ ഇല്ലാതാകണമെന്നും മാതൃഭാഷയുടെ പോഷണം മുന്‍നിര്‍ത്തി അമൃതഭാരതി മാതൃഭാഷാപഠന ഗവേഷണ കേന്ദ്രത്തിന് രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മനസ്സില്‍ നിറയട്ടെ മാതൃദേശവും മാതൃഭാഷയും’ എന്ന സന്ദേശവുമായി അമൃതഭാരതി വിദ്യാപീഠം സംഘടിപ്പിച്ച മാതൃഭാഷാസമ്മേളനത്തില് മാതൃഭാഷാബോധനവും സമഗ്രവികാസവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റുമാനൂര്‍ ഹിന്ദു മതപാഠശാല ഹാളില്‍ നടന്ന സമ്മേള നത്തില്‍ ബാലഗോകുലം കോട്ടയം മേഖലാദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന് അദ്ധ്യക്ഷനായി. കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്രീവിദ്യാരാജീവ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂരപ്പന് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ സരിത അയ്യര്‍ ആശീര്‍വാദ പ്രഭാഷണം നടത്തി.
അമൃതഭാരതി പരീക്ഷകളില്‍ വിജയിച്ചവരെ പ്രമാണപത്രം നല്കി അനുമോദിച്ചു. അമൃതഭാരതീവിദ്യാപീഠം കോട്ടയം ജില്ല സംയോജകന്‍ എം.ബി. ജയന്, കെ.കെ. സനല്‍കുമാര്‍ എന്നിവര്‍ സം സാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: