ന്യൂദല്‍ഹി: വാക്സിന് കുത്തിവച്ചോ, ഞാന്‍ അറിഞ്ഞതു പോലുമില്ല വാക്സിനേഷനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിതാണെന്ന് അദ്ദേഹത്തിനു കുത്തിവയ്പ്പു നല്കിയ പുതുച്ചേരി സ്വദേശി നഴ്സ് പി. നിവേദ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതുച്ചേരി സ്വദേശി നിവേദ വാക്സീന് നല്കുമ്പോള് ഒപ്പമുണ്ടായിരുന്നത് മലയാളി നഴ്സ് തൊടുപുഴ സ്വദേശി റോസമ്മ അനില്‍. പ്രധാനമന്ത്രി വാക്സീന് എടുക്കുമ്പോള്‍ റോസമ്മ ഒപ്പം നില്ക്കുന്നതും അദ്ദേഹം ട്വീറ്റ് ചെയ്ത ചിത്രത്തിലുണ്ട്.
പ്രധാനമന്ത്രി വാക്സീന് എടുക്കാന്‍ എത്തുന്ന വിവരം ഇന്നു രാവിലെയാണ് അറിഞ്ഞതെന്ന് മൂന്നു വര്‍ഷമായി ഡല്‍ഹി എയിംസില്‍ ജോലി ചെയ്യുന്ന നിവേദ പറഞ്ഞു. ‘വാക്സീന് സെന്ററിലായിരുന്നു ഡ്യൂട്ടി. രാവിലെ വിളിച്ചു. അപ്പോഴാണ് പ്രധാനമന്ത്രി എത്തുന്ന വിവരം അറിഞ്ഞത്. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതു വലിയ കാര്യമായി’- നിവേദ പറഞ്ഞു. 28 ദിവസത്തിനു ശേഷം പ്രധാനമന്ത്രി രണ്ടാം ഡോസ് എടുക്കും. ഞങ്ങള്‍ ഏതു സംസ്ഥാനത്തുനിന്നാണെന്ന് അദ്ദേഹം ചോദിച്ചുവെന്നും നിവേദ പറഞ്ഞു. പുതുച്ചേരി എന്നു പറഞ്ഞപ്പോള്‍ വണക്കം എന്ന് അദ്ദേഹം പറഞ്ഞെന്നും നിവേദ.
പ്രധാനമന്ത്രിക്ക് വാക്സീന് നല്‍കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നുവെന്ന് തൊടുപുഴ സ്വദേശിനി റോസമ്മ അനില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി വളരെ ശാന്തമായ അവസ്ഥയിലായിരുന്നെന്ന് റോസമ്മ പറഞ്ഞു. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനാണ് പ്രധാനമന്ത്രിക്ക് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: