ന്യൂദല്‍ഹി: എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഭഗവത്ഗീതയെന്ന് ലോകപ്രശസ്ത നോവലിസ്റ്റും ആല്‍കെമിസ്റ്റ് എന്ന ഒറ്റ നോവലിലൂടെ ലോകത്തെ കീഴടക്കിയ ബ്രസീലിയന്‍ എഴുത്തുകാരനുമായ പൗലോ കോയ്ലോ. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പൗലോ കോയ്ലോയുടെ ഇന്ത്യന്‍ ദര്‍ശനത്തിന്റെ നാഴികക്കല്ലായ ഭഗവദ്ഗീതയെക്കുറിച്ചുള്ള ഈ പരാമര്‍ശം.
ഭഗവത് ഗീതയിലെ രണ്ട് വരികളുടെ ഇംഗ്ലീഷ് വിവര്‍ത്തനവും പൗലോ കോയ്ലോ തന്റെ ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്- ‘അപമാനപ്പെടുത്തുന്ന ശക്തിഹീനതയ്ക്ക് (ഷണ്ഡത്വത്തിന്) കീഴടങ്ങരുത്, ഹൃദയത്തിന്റെ ഇത്തരം നിസ്സാര ദൗര്‍ബല്യം ഉപേക്ഷിക്കൂ, എന്നിട്ട് ഉയര്‍ത്തെണീക്കൂ’.
പൗലോ കോയ്ലോയുടെ ഭഗവദ്ഗീതയുമായി ബന്ധപ്പെടുത്തിയുള്ള ഈ ട്വീറ്റ് കണ്ട് ഒരു വയനക്കാരന് ഇതിനോട് പ്രതികരിച്ചതിങ്ങിനെ: ‘ താങ്കള്‍ ഗീത വായിച്ചിട്ടുണ്ടോ? അത് ഒരുപാട് സാധ്യതകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുതരും, നിങ്ങള്‍ ഇനിയും സ്വയം അറിഞ്ഞിട്ടില്ലെന്ന കാര്യം അത് നിങ്ങളെ ബോധ്യപ്പെടുത്തും. അതുവഴി നിങ്ങള്‍ക്ക് സ്വയം വികസിക്കാനും അനന്തതയുമായി ബന്ധപ്പെടാനും സാധിക്കും’.
വായനക്കാരന്റെ ഈ പ്രതികരണത്തിന് ഉടനേ വന്നൂ പൗലോ കോയ്ലോയുടെ മറുപടി: ‘ ഭഗവദ്ഗീത വായിച്ചിട്ടുണ്ടെന്ന് മാത്രമല്ല, 1974ല്‍ ഗീതയെ ആധാരമാക്കി, അര്ജുനന് കൃഷ്ണനോട് ‘ആരാണ് നിങ്ങള്‍?’ എന്ന് ചോദിക്കുന്ന നിമിഷത്തെ അടിസ്ഥാനമാക്കി ഒരു ഗാനം ഞാന്‍ രചിച്ചിട്ടുണ്ട്. അത് വന്‍വിജയവുമായിരുന്നു. ബ്രസീലുകാര്‍ക്ക് ഒരു കാര്യം ഇവിടെ ഉറപ്പിക്കാം- ഭഗവദ്ഗീത സാര്‍വ്വലൗകികമാണ്’.
ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള വായനക്കാരില്‍ നിന്നും അഭൂതപൂര്‍വ്വമായ പ്രതികരണങ്ങളാണ് പൗലോ കോയ് ലോയുടെ ഈ ട്വിറ്റര്‍ കുറിപ്പിന് ലഭിക്കുന്നത്. നേരത്തെയും പൗലോ കോയ്ലോ ഭഗവത്ഗീതയോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്. 2013ല്‍ അദ്ദേഹം ട്വീറ്റ് ചെയ്തതിങ്ങിനെ: ‘ഭഗവദ്ഗീത ഒരിയ്ക്കല്‍ കൂടി വായിച്ചു. നമ്മുടെ വെല്ലുവിളികള്‍ സ്വീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്ന നിധിയാണത്. ഞാന്‍ ഈ ഗ്രന്ഥം വായനയ്ക്കായി ശക്തമായി ശുപാര്‍ശ ചെയ്യുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: