തൃശൂര്‍: മെച്ചപ്പെട്ട വിളകള്‍ക്ക് വഴിയൊരുക്കുന്ന നൂതന ജനിതക എഡിറ്റിങ്ങ് സാങ്കേതിക വിദ്യ സംസ്ഥാനത്ത് വിജയകരമായി പരീക്ഷിച്ചു. കൊച്ചി ആസ്ഥാനമായുള്ള അഗ്രിജീനോം ലാബ്സ് സിആര്‍ഐഎസ്പിആര്‍ (ക്രിസ്പര്‍) സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ പ്രോലൈക്കോപീന് അടങ്ങിയ മഞ്ഞ തക്കാളി വികസിപ്പിച്ചു.
നൂതന തന്മാത്രാ എഡിറ്റിങ് പ്രക്രിയയായ ക്രിസ്പര്‍ സിഎഎസ്9 ടെക്നോളജി, 2020ല്‍ ജെന്നിഫര്‍ ഡൗഡ്ന, ഇമ്മാനുഏല്‍ ഷാര്‍പാന്റിയെ എന്നിവരെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹരാക്കിയിരുന്നു. ഇതുവഴി തക്കാളിയുടെ നിറം മാറ്റാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് നടന്നതെന്ന് അഗ്രിജീനോം ലാബ്സ് സിഒഒ ഡോ. ജോര്‍ജ്ജ് തോമസ് പറഞ്ഞു.
തക്കാളിയുടെ ചുവന്ന പിഗ്മെന്റായ ലൈക്കോപീന്‍ നിര്‍മിക്കുന്ന എന്‍സൈമായ ക്രിറ്റ്സൊ കോഡ് ചെയ്യുന്ന ജീന്‍ എഡിറ്റു ചെയ്താണ് മഞ്ഞ (റ്റാന്ജറീന്) തക്കാളി ഉണ്ടാക്കിയത്. ജീനിന്റെ മുന്‍ഭാഗത്തുള്ള റെഗുലേറ്ററി ഭാഗങ്ങള്‍ എഡിറ്റു ചെയ്യുന്നതിലൂടെ ക്രിറ്റ്സൊ ജീനിന്റെ വര്‍ണ്ണാവിഷ്കാരം കുറച്ച് ചുവപ്പിനും മഞ്ഞയ്ക്കും ഇടയില്‍ നിറമുള്ള തക്കാളിയും ഉണ്ടാക്കുന്നതില്‍ വിജയം കൈവരിച്ചു. ഡോ. ജോര്‍ജ്ജ് തോമസിന്റെയും ഡോ. ബോണി കുര്യാക്കോസിന്റെയും നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ ലക്ഷ്മി ജയരാജ്, നീതു തുളസീധരന്‍, അജു ആന്റണി, മോനി ജോണ്‍, രെഹ്ന അഗസ്റ്റിന്, നവജീത് ചക്രബര്‍ത്തി, സ്മിത സുകുമാരന്‍, ഉമാ മഹേശ്വരി, സ്വീറ്റി അബ്രഹാം, വിജയ ഭാസ്ക്കര്‍ റെഡ്ഡി ലച്ചഗരി, ശേഖര്‍ ശേഷഗിരി, സുഭാഷ് നാരായണന് എന്നിവരും പങ്കെടുത്തു. സൈജീനോം റിസര്‍ച്ച് ഫൗണ്ടേഷന്റെയും സൈജീനോം ലാബ്സിന്റെയും സഹകരണത്തോടെയാണ് പരീക്ഷണ പരിപാടി നടന്നത്.
സുഗന്ധമുള്ള അരി, ദഹനപ്രതിരോധശേഷി കൂടിയ അന്നജമടങ്ങിയ അരി, നെല്ലിലെ ബ്ലൈറ്റിനെ (ഇലകരിച്ചില്‍) പ്രതിരോധിക്കുന്ന അരി തുടങ്ങി അനേകം പുതിയ അരിവര്ഗങ്ങള് സൃഷ്ടിക്കാനുള്ള സാധ്യതകളാണ് ഇതിനുള്ളതത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: