മധുര ചുട്ടെരിച്ചെത്തിയ കണ്ണകിയുടെ കോപം ശമിപ്പിക്കാന്‍ മധുരം വിളമ്പി കാത്തിരുന്ന പെണ്ണൊരുമ. ഭക്ത്യാദരങ്ങളോടെ അവരൊരുക്കിയ നൈവേദ്യങ്ങളത്രയും സ്വീകരിച്ച് കണ്ണകി ശാന്തസ്വരൂപിണിയായി. ആദിപരാശക്തി ഉടല്‍പൂണ്ടെത്തിയ കണ്ണകിയങ്ങനെ അനന്തപുരേശന്റെ മണ്ണില്‍, കിള്ളിയാറിന്റെ കരയില്‍ കുടിയിരുന്നു.
ആറ്റിന്റെ കരയിലിരുന്ന ദേവീ ചൈതന്യം പിന്നീട് ആറ്റുകാലമ്മയായി. മണ്‍കലത്തില്‍ പാകം ചെയ്ത മധുരനൈവേദ്യങ്ങള്‍ ദേവിയുടെ ഇഷ്ടവഴിപാടായ പൊങ്കാലയെന്നറിയപ്പെട്ടു. സര്‍വാഭീഷ്ട പ്രദായിനിയായ ദേവിക്ക് പൊങ്കാലയിട്ടാല്‍ ആഗ്രഹസാഫല്യം സുനിശ്ചിതമെന്നാണ് ഭക്തരുടെ സാക്ഷ്യം.
ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ മാത്രമല്ല, ദാരിക നിഗ്രഹവും പ്രാദേശികമായി പ്രചാരത്തിലുള്ള കഥകളും ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ആധാരമായി പറയപ്പെടുന്നു. ദാരികനെ നിഗ്രഹിച്ചെത്തിയ ദേവി (ഭദ്രകാളി) യെ മധുര നൈവേദ്യങ്ങളുമായി സ്ത്രീകള്‍ എതിരേറ്റതും പൊങ്കാലയുടെ പിറവിയെന്ന് വിശ്വസിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ ആറ്റുകാല്‍ ക്ഷേത്രത്തെ വിശ്വപ്രസിദ്ധമാക്കിയത് പൊങ്കാല മഹോത്സവമാണ്. കുംഭമാസത്തിലെ പൂരം നാളിലാണ് അന്നപൂര്‍ണേശ്വരിയായ ദേവിയുടെ ഇഷ്ടവഴിപാടായ ആറ്റുകാല്‍ പൊങ്കാല. സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങ്. അന്ന് അനന്തപുരിയാകെ പൊങ്കാല അടുപ്പുകളാല്‍ നിറയുന്നു.
അടുപ്പില്‍ വയ്‌ക്കുന്ന മണ്‍കലം മനുഷ്യ ശരീരത്തിന്റെ പ്രതീകമാണ്. കലത്തില്‍ വെന്തുപൊങ്ങുന്ന അരി, മനസ്സാണ്. ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ അത് ലയിച്ചു ചേരുമ്പോള്‍ കൈവരുന്നത് ആത്മസാക്ഷാത്ക്കാരം.
കുംഭത്തിലെ കാര്‍ത്തിക നാളിലാണ് പത്തുനാള്‍ നീളുന്ന ഉത്സവത്തിന് തുടക്കം. ഭദ്രകാളിപ്പാട്ടും കണ്ണകീചരിതവും തോറ്റം പാടി കാപ്പുകെട്ടി കൊടുങ്ങല്ലൂരില്‍ നിന്നു വരുന്ന പരാശക്തിയെ കുടിയിരുത്തുന്നതോടെ ഉത്സവം തുടങ്ങുകയായി. ഉത്രം നാളില്‍ സമാപനം.
പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങളില്‍ പ്രധാനമാണ് പത്തുനാളത്തെ വ്രതം. മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. തലേന്നാള്‍ ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്‌ക്കു മുമ്പുള്ള ദിവസം ക്ഷേത്രത്തിലെത്തി പൊങ്കാലയിടാന്‍ ദേവിയുടെ അനുവാദം വാങ്ങണമെന്നാണ് വിശ്വാസം.
പൊങ്കാല അടുപ്പിന് അരികെയായി വിഘ്‌നേശ്വരനെ സങ്കല്‍പ്പിച്ച് തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി എന്നിവയൊരുക്കണം. നിലവിളക്കും നിറനാഴിയും, കിണ്ടിയില്‍ വെള്ളവും വയ്‌ക്കണം. കോടിവസ്ത്രമണിഞ്ഞ് പൊങ്കാലയിടുന്നതാണ് അഭികാമ്യം. ജലപാനമില്ലാതെയാണ് സ്ത്രീകള്‍ പൊങ്കാലയിടുക. വെള്ളച്ചോറ്, വെള്ളപ്പായസം, തെരളി, മണ്ടപ്പുറ്റ് തുടങ്ങിയവയാണ് പ്രധാന നിവേദ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: