അമ്പലപ്പുഴ: കോവിഡിന്റെ മറവില്‍ തകഴി ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ അട്ടിമറിക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. ആചാരലംഘനത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്ന് നാമജപ ഘോഷയാത്ര നടത്തും. ശബരിമല ക്ഷേത്രത്തില്‍ ഉള്‍പ്പെടെയുള്ള ആചാരങ്ങളെ തച്ചുതകര്ക്കാന് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നിരീശ്വരവാദികള്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ്
പുരാതനമായ തകഴി ക്ഷേത്രത്തോടും കാട്ടുന്നതെന്ന് ഭക്തജനങ്ങള്‍ ആരോപിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കേ ക്ഷേത്രത്തിന് വരുമാനം കിട്ടുന്ന പറയെടുപ്പ്, വഴിപാടുകള്‍ എന്നിവ വന്‍ പ്രചാരത്തോടെ നടത്തുകയും ആറാട്ട് ഉള്‍പ്പെടെയുള്ള ആചാരങ്ങളെ നിര്‍ത്തലാക്കാന്‍ ശ്രമിക്കുകയുമാണ് ഒരു വിഭാഗം ജീവനക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ആനയെ മാത്രം എഴുനള്ളിച്ച് ഭക്തജനങ്ങളെ പങ്കെടുപ്പിക്കാതെയും ആറാട്ട് നടത്താം എന്നിരിക്കേ ഇത് പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നാണ് വിമര്‍ശനം. സ്വന്തമായി ആറാട്ടു കുളിപ്പുരയും ആറാട്ട് എഴുനള്ളിക്കുവാനുള്ള പാതയും ഉള്ള ക്ഷേത്രമാണിത്. ശബരിമലയില്‍ ദര്‍ശനം നടത്തുവാന്‍ സാധിക്കാത്തവര്‍ക്ക് തകഴി ക്ഷേത്രത്തില്‍ എത്തിയാല്‍ ഇതേ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംഗീത കുലപതി ദക്ഷിണാ മൂര്‍ത്തി സ്വാമി പതിറ്റാണ്ടുകളായി മുടങ്ങാതെ തകഴി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും,സാംസ്കാരിക സംഘടകളും നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് പരിപാടികളില്‍ നടത്തിവരവേയാണ് ക്ഷേത്രാചാരങ്ങള്‍ക്ക് മാത്രം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കൊപ്പം കൂടി ഉപദേശക സമിതിയിലെ ചില പാര്‍ട്ടി സഖാക്കളും ആചാരങ്ങളെ വെല്ലുവിളിക്കുകയാണന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ ആരോപിക്കുന്നു. ഇന്ന് രാവിലെ നടക്കുന്ന നാമജപ ഘോഷയാത്ര ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പാറ്റൂര്‍ സുദര്ശന് ഉത്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: