ആലപ്പുഴ: വോട്ടെടുപ്പിന് ഇനി അഞ്ച് ആഴ്ചകള്‍, ജില്ലയില്‍ തെരഞ്ഞെടുപ്പ് ചൂട് തുടങ്ങി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്ര മൂന്നിന് ജില്ലയില്‍ എത്തുന്നതോടെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേളികൊട്ടുയരും. ജില്ലയില്‍ അഞ്ചു സ്വീകരണ പരിപാടികളാണ് യാത്രയ്ക്കുള്ളത്. തുറവൂര്‍, ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവടങ്ങളിലാണ് സ്വീകരണം.
ഇടതുവലതു മുന്നണികളുടെ അഴിമതി ഭരണവും, ഒത്തുതീര്‍പ്പ് രാഷ്ട്രീയവും, വികസന മുരടിപ്പും തുറന്നു കാട്ടി എത്തുന്ന യാത്ര, വോട്ടര്‍മാര്‍ക്ക് മുന്‍പാകെ ബിജെപിയുടെയും, എന്‍ഡിഎയുടെയും നയങ്ങള്‍ വിശദീകരിക്കാനുള്ള മികച്ച അവസരമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയ്ക്കും, സിപിഐ നേതാവ് ബിനോയ് വിശ്വം എംപി നയിച്ച വികസന മുന്നേറ്റ ജാഥയ്ക്കും വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കാതിരുന്നത് ഇടതുവലതു മുന്നണികളില്‍ ആശയകുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
അതിനിടെ വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയ നടപടികളും പുരോഗമിക്കുകയാണ്. ജില്ലയിലെ ഒമ്പതു മണ്ഡലങ്ങളില്‍ കുട്ടനാട്ടില്‍ യുഡിഎഫിനു വേണ്ടി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും എല്‍ഡിഎഫിനായി എന്‍സിപിയും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി,
കഴിഞ്ഞ തവണ തോമസ് ചാണ്ടിയോട് മത്സരിച്ച ജേക്കബ് ഏബ്രഹാം യുഡിഎഫിനുവേണ്ടി അനൗദ്യോഗികമായി പ്രചരണപരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. തോമസ് ചാണ്ടിയുടെ സഹോദരന് എന്‍സിപിയുടെ തോമസ് കെ. തോമസും മണ്ഡലത്തില്‍ സജീവമാണ്. ഇടതുമുന്നണിയില്‍ സി.പി.എമ്മിലെ സജി ചെറിയാന് (ചെങ്ങന്നൂര്‍), യു. പ്രതിഭ (കായംകുളം) എന്നിവര്‍ വീണ്ടും ടിക്കറ്റ് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. മന്ത്രിമാരായ ജി.സുധാകരന് (അമ്പലപ്പുഴ), തോമസ് ഐസക്ക് (ആലപ്പുഴ) എന്നിവര്‍ വീണ്ടും മത്സരിക്കാനാണ് സാധ്യതയെങ്കിലും അക്കാര്യത്തില്‍ സംസ്ഥാന നേതൃത്വമാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. സിപിഐ മണ്ഡലങ്ങളായ ഹരിപ്പാട്ടും ചേര്‍ത്തലയിലും ചിത്രം വ്യക്തമായിട്ടില്ല. യുഡിഎഫില്‍ കുട്ടനാട് ഒഴികെയുള്ള എട്ട് മണ്ഡലങ്ങളും കോണ്‍ഗ്രസിനാണ്. എന്നാല്‍ അമ്പലപ്പുഴയ്ക്കായി മുസ്ലീം ലീഗ് അവകാശവാദം ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ തവണ അമ്പലപ്പുഴയില്‍ എല്‍.ജെ.ഡിയാണ് മത്സരിച്ചത്. രമേശ് ചെന്നിത്തല( ഹരിപ്പാട്), ഷാനിമോള്‍ ഉസ്മാന് (അരൂര്‍) എന്നിവരാണ് കോണ്‍ഗ്രസില്‍ നിലവില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിട്ടുള്ളത്. എന്‍ഡിഎയില്‍ അരൂര്‍, ചേര്‍ത്തല, കുട്ടനാട്, കായംകുളം സീറ്റുകള്‍ കഴിഞ്ഞ തവണ ബിഡിജെസിനായിരുന്നു. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഏറ്റവും വേഗത്തില്‍ പ്രചരണ രംഗത്തു സജീവമാകാനാണ് മുന്നണികളുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: