ന്യൂദല്‍ഹി: ഹിന്ദു പ്രവര്‍ത്തകനായ സുശീല്‍ പണ്ഡിറ്റിനെ വധിക്കാന്‍ പഞ്ചാബില്‍ നിന്നെത്തിയ രണ്ട് പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സുഖ് വീന്ദര്‍സിംഗ്, ലഖാന് എന്നീ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്.
ദല്‍ഹി പൊലീസിലെ ഡപ്യൂട്ടി കമ്മീഷണര്‍ ദേവേന്ദര്‍ ആര്യയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആര്‍കെ പുരത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. ഫരീദ് കോട്ടിലെ പ്രിന്‍സ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ് 25 കാരന് സുഖ് വീന്ദര്‍ സിംഗിനെയും 21 കാരനായ ലഖാനെയെയും വാടകക്കൊലയാളികളാക്കി തെരഞ്ഞെടുത്തയച്ചത്.
രാജ് കുമാര്‍ അഥവാ ടുട്ടി എന്ന് വിളിക്കുന്ന പ്രിന്‍സ് കുമാര്‍ ഒരു കൊലപാതകത്തിന്റെ പേരില്‍ ജയിലില്‍ കഴിയുകയാണ്. അദ്ദേഹമാണ് കുട്ടിക്കാലത്തെ കൂട്ടുകാരനായ ലഖാനെ ദല്‍ഹിയിലേക്ക് കൊലചെയ്യാന്‍ അയച്ചത്. വിദേശ ഏജന്‍സികളും ഇതിന് സഹായിച്ചിട്ടുണ്ടെന്ന് ദല്‍ഹി പൊലീസ് പറയുന്നു. ഇത് സംബന്ധിച്ച അന്വേഷണം ദല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്ലിന് അയച്ചിരിക്കുകയാണ്.
നാല് തോക്കുകളും നാല് കാട്രിജുകളും ഫോണും സുശീല്‍ പണ്ഡിറ്റിന്റെ ഫോട്ടോയും കണ്ടെടുത്തുത. പാകിസ്ഥാനില്‍ നിര്‍മ്മിച്ച തരം തോക്കാണ് കണ്ടെത്തിയിരിക്കുന്നത്.
ഹിന്ദു പ്രവര്‍ത്തകനായ സുശീല്‍ പണ്ഡിറ്റ് കശ്മീരി ഹിന്ദുവാണ്. ഇപ്പോള്‍ അദ്ദേഹം ഒളിവില്‍ കഴിയുകയാണ്. കശ്മീരിലെ ശ്രീനഗറില്‍ നിന്നുള്ള സുശീല്‍ പണ്ഡിറ്റ് ഇപ്പോള്‍ ദല്‍ഹിയില്‍ കഴിയുകയാണ്. റൂട്ട്സ് ഇന്‍ കശ്മീര്‍ എന്ന സംഘടനയുടെ സഹ സ്ഥാപകന്‍ കൂടിയാണ് സുശീല്‍ പണ്ഡിറ്റ്. ഭാരതത്തിന്റെ ചരിത്രം, സംസ്കാരം എന്നിവയെക്കുറിച്ച് നല്ല ധാരണയുള്ള ബഹുഭാഷാ പണ്ഡിതന് കൂടിയാണ് സുശീല്‍ പണ്ഡിറ്റ്. കശ്മീരി ഹിന്ദുക്കളുടെ ദുരവസ്ഥയെക്കുറിച്ചും ഇസ്ലാമിക് ജിഹാദികള്‍ കശ്മീര്‍ താഴ്വരയില് നടത്തുന്ന യുദ്ധങ്ങളെക്കുറിച്ചും സുശീല്‍ പണ്ഡിറ്റ് പ്രചാരം നടത്തുന്ന വ്യക്തിയാണ്. ടിവി ചര്‍ച്ചകളിലും പബ്ലിക് ഫോറങ്ങളിലും സജീവവുമാണ്.
പാകിസ്ഥാനിലും ദുബായിലും ഐഎസ് ഐ ബന്ധമുള്ള ശക്തികളാണ് വധശ്രമം ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് ദല്‍ഹി പൊലീസിന്റെ നിഗമനം. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നും അവര്‍ വിദേശരാജ്യങ്ങളിലുള്ളവരുമായി രഹസ്യ മെസ്സേജിംഗ് പ്ലാറ്റ് ഫോം വഴി ബന്ധപ്പെട്ടതിന്റെ രേഖകളുണ്ട്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദീപക് എന്ന കിംഗ് ആണ് ഇവരുമായി ബന്ധപ്പെട്ട ആസൂത്രകരില്‍ ഒരാള്‍.
കഴിഞ്ഞ കുറെ നാളായി താന്‍ കശ്മീരിനെക്കുറിച്ചാണ് പ്രസംഗിക്കുന്നതെന്ന് സുശീല്‍ പണ്ഡിറ്റ് പറഞ്ഞു. കശ്മീരിലെ 370ാം വകുപ്പിനെക്കുറിച്ചും കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്നതായിരിക്കാം കൊലപാതകശ്രമത്തിന് പിന്നിലെന്നും സുശീല്‍ പണ്ഡിറ്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: