തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്നതിനിടെ, നാലുമാസം മുന്‍പ് പ്രഖ്യാപിച്ച താങ്ങുവിലയില്‍ ഒരുരൂപ പോലും വിതരണം ചെയ്യാതെ കൃഷിവകുപ്പ്. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്നുമുതലാണ് സംസ്ഥാനത്ത് പതിനാറ് ഇനം വിളകള്‍ക്ക് താങ്ങുവില പ്രാബല്യത്തില്‍വന്നത്. ഉത്പാദനത്തിന് വരുന്ന ചെലവുകൂടാതെ, 20 ശതമാനം തുക അധികം ചേര്‍ത്ത് നിശ്ചയിച്ച താങ്ങുവില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനിലൂടെ നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ www.aims.kerala.gov.in എന്ന രജിസ്ട്രേഷന് പോര്‍ട്ടലില്‍ പങ്കുവയ്ക്കണമെന്ന നിര്‍ദേശവും കൃഷിവകുപ്പ് നല്‍കിയിരുന്നുവെങ്കിലും പോര്‍ട്ടലിന്റെ പ്രവര്‍ത്തനം സുഗമമായത് ഡിസംബറില്മ മാത്രം. തറവില പ്രാബല്യത്തിലായെങ്കിലും താങ്ങുവില പ്രഖ്യാപന പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്താത്തത് തുക അനുവദിക്കുന്നതിന് തടസമായെന്ന് ‘മലയാള മനോരമ’ റിപ്പോര്‍ട്ട് ചെയ്യുന്നു.
പദ്ധതിക്കായി 2020-21 വര്‍ഷത്തില്‍ 10 കോടി രൂപ അനുവദിക്കണമെന്ന് കൃഷിവകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നരയാഴ്ച മുന്‍പ് അനുവദിച്ചത് മൂന്നുകോടി മാത്രം. പോര്‍ട്ടലിലെ അപൂര്‍ണവും അവ്യക്തവുമായ വിവരങ്ങളും അക്കൗണ്ട് നമ്പറുകളില്‍ പിശകുകള്‍ വരുത്തിയതും പണം വിതരണം ചെയ്യാന്‍ തടസമായി. അതേസമയം ആദ്യഗഡു തൃശൂര്‍ ജില്ലയിലെ 52 കര്‍ഷകര്‍ക്ക് അനുവദിച്ചതായി കൃഷി വകുപ്പ് പറയുന്നു.
അപാകതകള്‍ പരിഹരിച്ചശേഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ തുക മറ്റ് ജില്ലകളിലെ കര്‍ഷകര്‍ക്കും ഉടന്‍ വിതരണം ചെയ്യുമെന്ന് കൃഷിവകുപ്പ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഒക്ടോബറില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വിളകള്‍ക്ക് തറവില പ്രഖ്യാപിച്ചത്. മരച്ചീനി, നേന്ത്രന്, കൈതച്ചക്ക, വെള്ളരി, പാവല്‍, പടവലം, തക്കാളി തുടങ്ങിയവയാണ് 16 ഇനം ഭക്ഷ്യവിളകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: