തേഞ്ഞിപ്പലം: മുപ്പത്തിരണ്ടാമത് ദേശീയ ദക്ഷിണ മേഖലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ തമിഴ്‌നാടിന്റെ കുതിപ്പ്. 12 സ്വര്‍ണവും 15 വെള്ളിയും 5 വെങ്കലവുമടക്കം 218.5 പോയിന്റമായാണ് തമിഴ്‌നാട് കുതിപ്പ് തുടങ്ങിയത്. കേരളമാണ് രണ്ടാമത്. 7 സ്വര്‍ണം, 10 വെള്ളി, 4 വെങ്കലമടക്കം 197.5 പോയിന്റാണ് ആതിഥേയര്‍ക്കുള്ളത്. 103 പോയിന്റുമായി കര്‍ണാടകയാണ് മൂന്നാമത്. 5 സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമാണ് അവര്‍ക്കുള്ളത്.
ആദ്യ ദിനത്തില്‍ മൂന്ന് റെക്കോഡുകള്‍ പിറന്നു. രണ്ടെണ്ണത്തിന് തമിഴ്‌നാടും ഒന്നിന് തെലങ്കാനയുമാണ് അവകാശികളായത്. പെണ്‍കുട്ടികളുടെ അണ്ടര്‍ 18 ലോങ്ജമ്പില്‍ തെലങ്കാനയുടെ അഗസാര നന്ദിനി 6.20 മീറ്റര്‍ ചാടിയും അണ്ടര്‍ 20 പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ തമിഴ്‌നാടിന്റെ പവിത്ര വെങ്കടേശ് 3.80 മീറ്റര്‍ ചാടിയും പുരുഷന്മാരുടെ ലോങ്ജമ്പില്‍ തമിഴ്‌നാടിന്റെ ജസ്വിന്‍ ആള്‍ഡ്രിനുമാണ് റെക്കോഡിനവകാശികളായത്.
ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ആവേശകരമായ 100 മീറ്റര്‍ ഫൈനലും ഇന്നലെ നടന്നു. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തൃശൂര്‍ നാട്ടിക സ്‌േപാര്‍ട്‌സ് അക്കാദമിയിലെ അഞ്ജലി. പി.ഡി വേഗറാണിയായി. 10.94 സെക്കന്‍ഡിലാണ് അഞ്ജലി ഫിനിഷ് ലൈന്‍ കടന്നത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആന്ധ്രയുടെ നല്‍ബോത്ത് ഷണ്‍മുഖ ശ്രീനിവാസ് വേഗ രാജനായി.
അഞ്ജലിക്ക് പുറമെ അണ്ടര്‍ 16 ലോങ്ജമ്പില്‍ നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയിലെ ഇ.എസ്. ശിവപ്രിയ, ഡിസ്‌കസ് ത്രോയില്‍ അഖില രാജു, അണ്ടര്‍ 18 വിഭാഗം പോള്‍വോള്‍ട്ടില്‍ നേഖ എല്‍ദോ, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 60 മീറ്ററില്‍ ആയുഷ് കൃഷ്ണ,അണ്ടര്‍ 18 ലോങ്ജമ്പില്‍ ബിയോണ്‍ ജോര്‍ജ്, അണ്ടര്‍ 20 800 മീറ്ററില്‍ ടി.എസ്. മനു എന്നിവരും കേരളത്തിനായി പൊന്നണിഞ്ഞു .
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ വി.എസ്. അനുപ്രിയ, ജാവലിന്‍ ത്രോയില്‍ ഐശ്വര്യ സുരേഷ്, അണ്ടര്‍ 20 800 മീറ്ററില്‍ ചാന്ദ്‌നി. സി, പോള്‍വോള്‍ട്ടില്‍ ആരതി നായര്‍, ജാവലിന്‍ ത്രോയില്‍ തലീത കുമ്മി സുനില്‍, അണ്ടര്‍ 14 പെണ്‍ 60 മീറ്ററില്‍ അല്‍ഫോണ്‍സ ട്രീസ ടെറിന്‍, അണ്ടര്‍ 16 പെണ്‍ ഡിസ്‌ക്‌സ് ത്രോയില്‍ അനുപ്രിയ. വി.എസ്, അണ്ടര്‍ 18 ഹൈജമ്പില്‍ ആണ്‍കുട്ടികളുടെ അഫ്‌നാന്‍ മുഹമ്മദ് സബിന്‍ എന്നിവരാണ് വെള്ളി നേടിയത്.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഹെനിന്‍ എലിസബത്ത്, അണ്ടര്‍ 18 ലോങ്ജമ്പില്‍ അഭിരാമി. വി.എം, പോള്‍വോള്‍ട്ടില്‍ റോസ് മരിയ ജോസഫ്, ജാവലിന്‍ ത്രോയില്‍ അയോണ ജെയ്‌സണ്‍, അണ്ടര്‍ 20 ഡിസ്‌കില്‍ അതുല്യ. പി.എ, ജാവലിന്‍ ത്രോയില്‍ പി. അഷിക, പോള്‍വോള്‍ട്ടില്‍ ബ്ലസി കുഞ്ഞുമോന്‍, അണ്ടര്‍ 18 ഹൈജമ്പില്‍ മുഹമ്മദ് മുഹസിന്‍,ജാവലിന്‍ ത്രോയില്‍ രഹാന്‍. പി, അണ്ടര്‍ 20 5000 മീറ്ററില്‍ എന്‍.വി. അമിത്ത്, ഷോട്ട്പുട്ടില്‍ എസ്. ശ്രീശാന്ത്, ഡിസ്‌കസില്‍ സി.ബി. ബിമല്‍ തുടങ്ങിയവരും കേരളത്തിനായി മെഡല്‍ നേടി.
മൂന്ന് റെക്കോഡുകള്‍
ആദ്യ ദിനം മൂന്ന് പുതിയ റെക്കോഡുകള്‍ പിറവിയെടുത്തെങ്കിലും ഒന്നുപോലും കേരളത്തിന്റെ പേരിലില്ല. രണ്ടെണ്ണം തമിഴ്‌നാട് സ്വന്തമാക്കിയപ്പോള്‍ ഒരെണ്ണം തെലങ്കാന കരസ്ഥമാക്കി.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ തെലങ്കാനയുടെ അഗസാര നന്ദിനി 6.20 മീറ്റര്‍ ചാടിയാണ് റെക്കോഡ് സ്വന്തമാക്കിയത്. 2008-ല്‍ കര്‍ണാടകയുടെ ജി.എം. ഐശ്വര്യയുടെ പേരിലുള്ള 6.01 മീറ്ററിന്റെ റെക്കോഡാണ് തകര്‍ന്നത്. തമിഴ്‌നാടിന്റെ അഭിനയ മോഹന്‍ ജയരാജ് 5.86 മീറ്റര്‍ ചാടി വെള്ളിയും കേരളത്തിന്റെ വി.എം. അഭിരാമി 5.83 മീറ്റര്‍ ചാടി വെങ്കലവും നേടി.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ ദിവ്യ മോഹന്റെ പേരിലുള്ള റെക്കോഡാണ് തമിഴ്‌നാടിന്റെ പവിത്ര വെങ്കടേശ് തിരുത്തിയത്. ദിവ്യ 2008-ല്‍ 3.40 മീറ്ററാണ് ചാടിയതെങ്കില്‍ പവിത്ര ഇന്നലെ ഉയര്‍ന്നുപൊങ്ങിയത് 3.80 മീറ്റര്‍. 3.25 മീറ്റര്‍ ചാടി കേരളത്തിന്റെ ആരതി വി. നായര്‍ വെള്ളിയും തമിഴ്‌നാടിന്റെ ബാലനിഷ ബാലകൃഷ്ണന്‍ 3.20 മീറ്റര്‍ ചാടി വെങ്കലവും നേടി.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ 7.97 മീറ്റര്‍ ചാടിയാണ് തമിഴ്‌നാടിന്റെ ജസ്വിന്‍ ആല്‍ഡ്രിന്‍ റെക്കോഡോടെ പൊന്നണിഞ്ഞത്. 2019-ല്‍ കര്‍ണാടകയുടെ എസ്. ലോകേഷ് സ്ഥാപിച്ച 7.82 മീറ്ററിന്റെ റെക്കോഡാണ് തകര്‍ത്തത്. 7.53 മീറ്റര്‍ ചാടി കേരളത്തിന്റെ ടി.ജെ. ജോസഫ് വെള്ളിയും 6.93 മീറ്റര്‍ ചാടി തമിഴ്‌നാടിന്റെ ഹേമന്ത് ബാബു വെങ്കലവും കരസ്ഥമാക്കി.
നൂറില്‍ തീപാറിയ പോരാട്ടം
നൂറ് മീറ്റര്‍ സ്പ്രിന്റില്‍ തീ പാറുന്ന പോരാട്ടത്തിനാണ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക് സാക്ഷ്യം വഹിച്ചത്. അണ്ടര്‍ 20 പെണ്‍ 100 മീറ്ററില്‍ തൃശൂര്‍ നാട്ടിക സ്‌പോട്‌സ് അക്കാദമിയിലെ പി.ഡി. അഞ്ജലി 10.94 സെക്കന്‍ഡില്‍ പറന്നെത്തി ചാമ്പ്യന്‍ഷിപ്പിലെ വേഗപ്പറവയായി. തമിഴ്‌നാടിന്റെ ഗിരിധരണി ശിവകുമാര്‍ 12.10 സെക്കന്‍ഡില്‍ വെള്ളി നേടിയപ്പോള്‍ വെങ്കലവും കേരളത്തിന് സ്വന്തം. 12.38 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന ആന്‍ റോസ് ടോമിക്കാണ് വെങ്കലം.
ഇതേ വിഭാഗം ആണ്‍കുട്ടികളില്‍ ആന്ധ്രയുടെ നല്‍ബോത്ത് ഷണ്‍മുഖ ശ്രീനിവാസ് വേഗ രാജനായി. 10.85 സെക്കന്‍ഡിലാണ് ആന്ധ്ര താരം ഫിനിഷ് ലൈന്‍ കടന്നത്. ഈയിനത്തില്‍ കേരളത്തിന്റെ അഭിജിത്ത്. ജെ 11.04 സെക്കന്‍ഡില്‍ വെങ്കലം നേടി. തമിഴ്‌നാടിന്റെ ഡി. ഹാരിഷ് 11.01 സെക്കന്‍ഡില്‍ വെള്ളി നേടി.
അണ്ടര്‍ 16 പെണ്‍കുട്ടികളില്‍ കര്‍ണാടകയുടെ അങ്കിത അശോക് ദേവഡിഗയ്‌ക്കാണ് പൊന്ന്. 12.71 സെക്കന്‍ഡിലായിരുന്നു കര്‍ണാടക താരത്തിന്റെ ഫിനിഷിങ്ങ്. കേരളത്തിന്റെ സാന്ദ്ര മോള്‍ സാബു 12.79 സെക്കഡില്‍ വെള്ളിയും തമിഴ്‌നാടിന്റെ ദഹ്‌ലിയ ജെയ്‌സണ്‍ 12.93 സെക്കന്‍ഡില്‍ വെങ്കലവും നേടി.
അണ്ടര്‍ 18 പെണ്‍കുട്ടികളില്‍ ആദ്യ മൂന്ന് സ്ഥാനവും തെലങ്കാനക്ക് സ്വന്തം. 12.09 സെക്കന്‍ഡില്‍ ജീവന്‍ജി ദീപ്തി സ്വര്‍ണവും റുതിക ശരവണന്‍ 12.47 സെക്കന്‍ഡില്‍ വെള്ളിയും 12.64 സെക്കന്‍ഡില്‍ മായാവതി വെങ്കലവും നേടി.
അണ്ടര്‍ 16 ആണ്‍കുട്ടികളില്‍ ആന്ധ്രയുടെ പവന്‍കുമാര്‍ 11.31 സെക്കന്‍ഡില്‍ പറന്നെത്തി വേഗമേറിയ താരമായി. 11.34 സെക്കന്‍ഡില്‍ തെലങ്കാനയുടെ അങ്കുരി ഗണേഷ് വെള്ളിയും അവരുടെ തന്നെ സന്‍ഗിംനേനി ഹര്‍ഷവര്‍ദ്ധന്‍ 11.39 സെക്കന്‍ഡില്‍ വെങ്കലവും നേടി. അണ്ടര്‍ 18 വിഭാഗത്തില്‍ തമിഴ്‌നാടിനാണ് സ്വര്‍ണവും വെള്ളിയും. അവരുടെ ജെ. മുഹമ്മദ് സാദ് 10.96 സെക്കന്‍ഡില്‍ സ്വര്‍ണവും ബി. യശ്വന്ത് 11 സെക്കന്‍ഡില്‍ വെള്ളിയും ആന്ധ്രയുടെ ശരത് ചന്ദ്ര 11.26 സെക്കന്‍ഡില്‍ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: