കന്നഡിഗര്‍ സ്‌നേഹപൂര്‍വം അപ്പാജിയെന്ന് വിളിക്കുന്ന ബി.എസ്. യെദിയൂരപ്പയുടെ 78-ാം ജന്മദിനം ഇന്ന്. കന്നടമണ്ണില്‍ പകരം വയ്‌ക്കാനില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവാണ് യെദിയൂരപ്പ.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 150ലധികം സീറ്റ് കരസ്ഥമാക്കി കര്‍ണാടകത്തില്‍ ബിജെപി ഭരണം തുടരുമെന്ന പ്രഖ്യാപനം നടത്തി സര്‍ക്കാരിനെയും പാര്‍ട്ടിയെയും ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനത്തിലാണ് 78ലും യെദിയൂരപ്പ.
നാലു പതിറ്റാണ്ട് രാഷ്‌ട്രീയ ജീവിതത്തിലുടനീളം നിരവധി വെല്ലുവിളികളാണ് യെദിയൂരപ്പ നേരിട്ടത്. ഇതിനെയെല്ലാം അതിജീവിച്ച് ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപിയെ അധികാരത്തില്‍ എത്തിച്ച നേതാവ് എന്ന നേട്ടം യെദിയൂരപ്പക്ക് സ്വന്തം.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിലും അതിനു ശേഷവും കോണ്‍ഗ്രസ്, ജെഡിഎസ് ഉയര്‍ത്തിയ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് കര്‍ണാടകയിലെ 25-ാംത് മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ 2019 ജൂലൈ 26ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതു നാലാം തവണയാണ് യെദ്യൂരപ്പ കന്നഡികരുടെ അമരക്കാരനായത്.
മാണ്ഡ്യ ജില്ലയില്‍ കെ.ആര്‍. പേട്ട് താലൂക്കില്‍ ബുക്ക്‌നാക്കര വില്ലേജിലെ കര്‍ഷക ദമ്പതികളായ സിദ്ധലിംഗപ്പ-പുട്ടത്തായമ്മയുടെയും മകനായി 1943 ഫെബ്രുവരി 27നാണ് യെദ്യൂരപ്പ ജനിച്ചത്. മാണ്ഡ്യ പിഇഎസ് കോളേജില്‍ പ്രീ യുണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കി.
1965ല്‍ സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലര്‍ക്കായി ജോലി ലഭിച്ചു. എന്നാല്‍ അധികം വൈകാതെ ജോലി രാജിവച്ച് ശിക്കാരിപ്പുരയില്‍ എത്തി. അവിടെ ഒരു അരിമില്ലില്‍ ക്ലര്‍ക്കായി. 1967-ല്‍ മൈത്രാദേവിയെ വിവാഹം ചെയ്തു. ഇതിന് ശേഷം ശിവമോഗയില്‍ ഒരു ഹാര്‍ഡ്‌വെയര്‍ ഷോപ്പ് നടത്തി.
കോളേജ് വിദ്യാഭ്യാസ കാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായിട്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 1970-1972വരെ ശിക്കാരിപ്പുര കാര്യവാഹ് ആയിരുന്നു. 1972ല്‍ ശിക്കാരിപ്പുര മുന്‍സിപ്പാലിറ്റിയിലേക്ക് മത്സരിച്ച് വിജയിച്ചു. ഇതേ വര്‍ഷം ജനസംഘം താലൂക്ക് പ്രസിഡന്റായി.
അടിയന്തിരവസ്ഥ കാലത്ത് ബെള്ളാരി, ശിവമോഗ ജയിലുകളില്‍ തടവ് ശിക്ഷ അനുഭവിച്ചു. 1980ല്‍ ബിജെപി ശിക്കാരിപ്പുര താലൂക്ക് പ്രസിഡന്റായി. 1985ല്‍ ശിവമോഗ ജില്ലാ പ്രസിഡന്റും 1988ല്‍ സംസ്ഥാന പ്രസിഡന്റുമായി.
1983ല്‍ എംഎല്‍എയായി ശിക്കാരിപ്പുരയില്‍ നിന്ന് തെരഞ്ഞെടുത്തു. ഏഴ്, എട്ട്, ഒന്‍പത്, പത്ത്, പന്ത്രണ്ട്, പതിമൂന്ന് നിയമസഭകളില്‍ ശിക്കാരിപ്പുരയില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. 2007, 2008, 2018-ലും ഇതിനു മുന്‍പ് മുഖ്യമന്ത്രിയായിരുന്നു. 1994, 2004, 2018-ല്‍ കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലയളവിലും നിയമസഭ പ്രതിപക്ഷ നേതാവായി.
2012 നവംബറില്‍ ബിജെപിയുമായി പിണങ്ങി കര്‍ണാടക ജനതാ പാര്‍ട്ടി രൂപീകരിച്ചെങ്കിലും 2013 നവംബറില്‍ ബിജെപിയില്‍ തിരിച്ചെത്തി. 2014-ല്‍ ശിവമോഗയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് 3,63,305 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2018-ല്‍ നിര്‍ണായക തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കാനായി പാര്‍ലമെന്റ് സ്ഥാനം രാജിവച്ച് ശിക്കാരിപുരയില്‍ നിന്ന് മത്സരിച്ചു വിജയിച്ചു.
കോണ്‍ഗ്രസും ജെഡിഎസും ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് 224 അംഗ നിയമസഭയില്‍ 105 സീറ്റു നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍, ജനവിധി മാനിക്കാതെ ജെഡിഎസിനു മുഖ്യമന്ത്രി സ്ഥാനം നല്‍കി കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചു. 13 മാസം മാത്രമായിരുന്നു കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് സംസ്ഥാനത്ത് അധികാരത്തില്‍ തുടരാന്‍ സാധിച്ചത്.
സഖ്യസര്‍ക്കാരില്‍ അതൃപ്തരായ കോണ്‍ഗ്രസ്-ജെഡിഎസ് 17 എംഎല്‍എമാര്‍ രാജിവച്ചതോടെ സഖ്യസര്‍ക്കാര്‍ നിലംപതിച്ചു. തുടര്‍ന്ന് ബി.എസ്. യെദിയൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റു.
പിന്നീട് സംസ്ഥാനത്ത് ബിജെപിയെ ജനങ്ങള്‍ അകമഴിഞ്ഞ് പിന്തുണയ്‌ക്കുന്ന കാഴ്ചയായിരുന്നു. 2019-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28-ല്‍ 25 സീറ്റിലും ബിജെപി വിജയിച്ചു. ഒരു സീറ്റില്‍ ബിജെപി പിന്തുണയോടെ നടി സുമലത വിജയിച്ചു.
എംഎല്‍എമാര്‍ രാജിവച്ച മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റിലൊഴികെ എല്ലാ സീറ്റുകളിലും ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതോടെ സംസ്ഥാന നിയമസഭയില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു.
കാര്‍ഷിക നിയമഭേദഗതി, തൊഴില്‍ നിയമഭേദഗതി, ഗോവധം നിരോധന നിയമം നടപ്പാക്കല്‍ തുടങ്ങി പതിറ്റാണ്ടുകളായുള്ള കന്നഡിഗരുടെ ആവശ്യങ്ങള്‍ ഓരോന്നായി നിറവേറ്റി സംസ്ഥാനത്തെ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റുകയാണ് യെദിയൂരപ്പ.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും രാജ്യത്തിനു തന്നെ മാതൃകയായിരുന്നു കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനം.
78-ല്‍ എത്തിയ യെദ്യൂരപ്പ നാലര പതിറ്റാണ്ടായി കര്‍ണാടകയിലെ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ശക്തനായ പോരാളിയാണ്. മക്കള്‍: ബി.വൈ. രാഘവേന്ദ്ര (ശിവമോഗ എംപി), ബി.വൈ. വിജയേന്ദ്ര (യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്), അരുണാദേവി, പദ്മാദേവി, ഉമാദേവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: