കൊല്ലം: രാഹുലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും തീരദേശത്ത് സന്ദര്‍ശനത്തിനെത്തുന്നു. ജില്ലാനേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഈ നീക്കം. നാലുദിവസം മുമ്പ് ജില്ലയിലെത്തിയ രാഹുല്‍ഗാന്ധി തീരമേഖലയെ ഇളക്കിമറിച്ചതും കോണ്‍ഗ്രസ് അനുകൂലമായ വികാരവുമാണ് ഇതിനുള്ള ചേതോവികാരം.
കോണ്‍ഗ്രസിന് മേല്‍കൈ ഉണ്ടായിരുന്ന ജില്ലയിലെ തീരമേഖലയില്‍ സ്വരൂകൂട്ടിയ മേധാവിത്വം ഇത്തവണ നഷ്ടപ്പെടുമെന്ന അങ്കലാപ്പിലാണ് സിപിഎം. ഇതിന് പരിഹാരമായാണ് മുഖ്യമന്ത്രിയെ തന്നെ രംഗത്തിറക്കാനും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ അടുത്തിടപഴകാനും ആലോചിക്കുന്നത്. ജില്ലയിലെ 11 മണ്ഡലങ്ങളില്‍ അഞ്ചും തീരദേശവുമായി ബന്ധപ്പെട്ടതാണ്. കശുവണ്ടി തൊഴിലാളികള്‍ എന്നതുപോലെ നിര്‍ണായകമാണ് ഇവിടങ്ങളില്‍ മത്സ്യത്തൊഴിലാളികളും. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കായി അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചതും തുടര്‍ന്നുള്ള വിവാദവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി തങ്കശേരി, വാടി തീരദേശത്തു നടത്തിയ പര്യടനവും സര്‍ക്കാരിനും പാര്‍ട്ടിക്കും തിരിച്ചടിയായത് സിപിഎമ്മില്‍ സജീവചര്‍ച്ചയാണ്. രാഹുലിന് മറുപടി നല്കാന് പിണറായി വിജയന് കടലില്‍ നീന്താനിറങ്ങുമോ എന്ന് അന്വേഷിക്കുന്ന സഖാക്കളുമുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടിയായതോടെ എത്രയും വേഗം ബദല്‍ പ്രചാരണമാര്‍ഗത്തിലൂടെ രാഹുല്‍ ഉയര്‍ത്തിയ രാഷ്ട്രീയവെല്ലുവിളി മറികടക്കണമെന്നാണ് ജില്ലാകമ്മിറ്റി യോഗത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എന്‍. ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. വാടിയിലോ തങ്കശ്ശേരിയിലോ മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിച്ചു പൊതുസമ്മേളനം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒന്നാം തീയതി മത്സ്യകര്‍ഷകസംഗമം എന്ന നിലയില്‍ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഓണ്‍ലൈവ് സംവിധാനം ഉപേക്ഷിച്ച് നേരിട്ടുവരികയാണെങ്കില്‍ അന്നുതന്നെ ഇതിന്റെ പ്രചാരണം കൊഴുപ്പിച്ച് ആദ്യഘട്ടം സജീവമാക്കാമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. സിഐടിയു നേതൃത്വത്തിലുള്ള കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന് നടത്തുന്ന മാര്‍ച്ച് അടുത്ത മാസം ആദ്യആഴ്ചയില്‍ ജില്ലയിലെത്തും.
ഇതിനുള്ള സ്വീകരണം തീരദേശത്തു വിപുലമായി സംഘടിപ്പിക്കണമെന്നു ബന്ധപ്പെട്ട ഘടകങ്ങള്‍ക്കു നിര്‍ദേശം നല്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്കു തീരദേശ മേഖലയില്‍ ഉണ്ടായ മേല്‍ക്കൈ നഷ്ടമാകുമെന്ന ആശങ്ക ജില്ലാകമ്മിറ്റിയില്‍ ഉയര്‍ന്നു. തുടര്‍ന്നാണു ബദല്‍ പ്രചാരണമാര്‍ഗം അവലംബിക്കാനുള്ള തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: