പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ. സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരെ സംസ്ഥാനത്തെ 14 ജില്ലകളിലും സമരം നടത്തും. മക്കള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ തല മുണ്ഡനം ചെയ്തു.
വാളയാര്‍ കേസ് അട്ടിമറിച്ചെന്ന് സമരസമിതി ആരോപിക്കുന്ന ഡിവൈഎസ്പി സോജന്‍, എസ്.ഐ. ചാക്കോ എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ നടപടി എടുത്തില്ലെങ്കില്‍ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രഖ്യാപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെയാണ് പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തത്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ടാണ് അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്.
ഒരുമാസമായി വാളയാറില്‍ താന്‍ സത്യാഗ്രഹം ഇരിക്കുന്നു. എന്നാല്‍ തന്റെ കണ്ണീര്‍ സര്‍ക്കാര്‍ കണ്ടില്ല. ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരും നിരാഹരസമരം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കാണാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും 14 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി വേണം നീതി വേണം. തന്റെ അവസ്ഥ ആര്‍ക്കും വരുത്തരുത്, മക്കള്‍ക്ക് നീതി ലഭിക്കണമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേ പ്രതിഷേധിച്ചുകൊണ്ട് അമ്മയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമൂഹ്യ പ്രവര്‍ത്തകരായ ബിന്ദു കമലന്‍, ഡിഎച്ച്ആര്‍എം നേതാവ് സലീന പ്രക്കാനം എന്നിവരും തല മുണ്ഡനം ചെയ്തു.
ഇളയ പെണ്‍കുട്ടിയുടെ നാലാം ചരമവാഷിക ദിനമായ മാര്‍ച്ച് നാലിന് എറണാകുളത്ത് 100 പേര്‍ തലമൊട്ടയടിച്ച് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും. തുടര്‍ന്ന് മറ്റ് സമര പരിപാടികളെ കുറിച്ച് തീരുമാനിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: