മലപ്പുറം : തെരഞ്ഞെടുപ്പ് അടുത്തതോടെ ഹാഗിയ സോഫിയ പ്രസ്താവനയില്‍ ന്യായീകരണവുമായ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ചന്ദ്രികയില്‍ താന്‍ എഴുതിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടതാണ്. ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാന്‍ ആയിരുന്നില്ലെന്നും ശിഹാബ് തങ്ങള്‍ അറിയിച്ചു. സ്വകാര്യ മാധ്യമത്തിനോട് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ക്രൈസ്തവ വിഭാഗങ്ങളോട് ആദരവും സ്‌നേഹവുമാണ് പാണക്കാട് കുടുംബത്തിന്. മലപ്പുറം ടൗണില്‍ ക്രിസ്ത്യന്‍ പള്ളി പണിയാനുള്ള തടസം പരിഹരിച്ചത് തന്റെ പിതാവാണ്. അന്ന് പ്രദേശ വാസികള്‍ എതിര്‍ത്തെങ്കിലും പഞ്ചായത്ത് പ്രസിഡന്റിനേയും മറ്റ് ജന പ്രതിനിധികളേയും വിളിച്ചു വരുത്തി പള്ളിക്ക് അനുമതി നല്‍കാന്‍ പിതാവ് ആവശ്യപ്പെടുകയായിരുന്നു.
ക്രൈസ്തവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ഇവരുടെ ആവശ്യങ്ങള്‍ യുഡിഎഫ് അനുഭാവപൂര്‍വ്വം പരിഗണിക്കും. അന്നത്തെ വിധിയിലെ പ്രസക്ത ഭാഗങ്ങള്‍ എഴുതുക മാത്രമാണ് ചെയ്തത്. ഹാഗിയ സോഫിയയില്‍ താന്‍ പോയിട്ടുണ്ട്. ആദ്യം അവിടെ ക്രൈസ്തവ ദേവാലയമായിരുന്നു. പിന്നെ മുസ്ലിം ഭരണം വനന്നതോടെ മുസ്ലിം പള്ളിയായി. എന്നാല്‍ തുര്‍ക്കിന്റെ ഭരണകാലത്ത് ഇത് മ്യൂസിയമാക്കി. അവിടെ ഇപ്പോഴും യേശുവിന്റേയും മറിയത്തിന്റേയും ചിഹ്നങ്ങളുണ്ട്. അത് മാറ്റിയിട്ടില്ലെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.
1500 വര്‍ഷം പഴക്കമുള്ള യുനെസ്‌കോ പൈതൃക പട്ടികയിലുണ്ടായിരുന്ന ഹാഗിയ സോഫിയാ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ ചന്ദ്രികയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ശിഹാബ് തങ്ങള്‍ പിന്തുണച്ചത്. കിഴക്കന്‍ മതേതരത്വത്തിന്റെ ഉദാഹരണമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉടലെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: