തിരുവനന്തപുരം : ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തുടക്കമായി. രാവിലെ 10.50 ഓടെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാല തുടങ്ങിയത്. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ പണ്ടാര അടുപ്പില്‍ മാത്രം തീപകര്‍ന്ന് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. ക്ഷേത്രം കീഴ്ശാന്തിയാണ് പൊങ്കാല തയ്യാറാക്കിയത്. ഉച്ചപൂജയ്ക്കുശേഷം 3.40 നാണ് നിവേദ്യം.
അനേകലക്ഷം സ്ത്രീകള്‍ അണിനിരക്കുന്ന പൊങ്കാല മഹോത്സവം ഇക്കുറി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് ഭക്തരുടെ വീടുകളില്‍ തന്നെ നടത്താന്‍ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും പൊങ്കാല പ്രമാണിച്ച് ഭക്തര്‍ ക്ഷേത്ര ദര്‍ശനത്തിനായി ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.
ഒരുവര്‍ഷത്തെ കാത്തിരിപ്പാണ് പൊങ്കാല. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല. ക്ഷേത്രത്തില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിയുന്നതോടെയാണ് പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് തുടക്കമായത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഇത്തവണ ക്ഷേത്രം പണ്ടാര അടുപ്പില്‍ മാത്രമായി പൊങ്കാല ചടങ്ങുകള്‍ ഒതുങ്ങിയത്. പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാല ഇടാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. നടി ചിപ്പി ഉള്‍പ്പടെ നിരവധി പേര് വീടുകളില്‍ പൊങ്കാല ഇടുന്നുണ്ട്. എന്നാല്‍ പൂജാരിമാര്‍ എത്തി നിവേദിക്കുന്നത് ഉണ്ടാകില്ല.
ഉച്ചപൂജയ്ക്കുശേഷം 3.40 നാണ് നിവേദ്യം. രാത്രി 7.30-ന് പുറത്തെഴുന്നള്ളത്തും 11 മണിക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. വഴിയില്‍ വിഗ്രഹത്തിനു വരവേല്‍പ്പോ തട്ടം നിവേദ്യവും ഉണ്ടാകില്ല. മറ്റൊരു പ്രധാന ചടങ്ങായ കുത്തിയോട്ടം ആചാരപ്രകാരം പണ്ടാര ഓട്ടം മാത്രമായി നടത്താനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. ഞായറാഴ്ച നടക്കുന്ന കുരുതി തര്‍പ്പണത്തോടെയാണ് പൊങ്കാല മഹോത്സവത്തിന് സമാപനമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: