ഗോഹട്ടി: അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ അഭിമാനവും ലോകചാംപ്യനുമായ ഹിമ ദാസ് ഇനി അസം പൊലീസില്‍ ഡിഎസ്പി. ഹിമയുടെ ഏറെ നാളത്തെ സ്വപ്നമാണ് സഫലമായത്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിന്റെ സാന്നിധ്യത്തിലാണ് ഹിമ പൊലീസിലെ ഉയര്‍ന്ന സ്ഥാനം ഏറ്റെടുത്തത്. സോനോവല്‍ നിയമന ഉത്തരവ് കൈമാറി. ചെറുപ്പം മുതലേ ഉള്ള സ്വപ്നമാണ് ഒരു പൊലീസുകാരി ആവുക എന്നതെന്ന് 21 വയസുകാരി ഹിമ പറഞ്ഞു. ചടങ്ങിന് പിന്നാലെ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ഹിമ ട്വീറ്റ് ചെയ്തു.
അസമിലെ നഗാവോനിലാണ് ഹിമ ദാസ് ജനിച്ചത്. ജോമാലി, റോന്‍ജിത്ത് ദാസ് ദമ്പതിമാരുടെ ആറ് മക്കളില്‍ ഏറ്റവും ഇളയതാണ് ഹിമ. നെല്‍പാടങ്ങള്‍ക്കരികിലെ കളിയിടങ്ങളില്‍ തന്റെ സ്‌കൂളിലെ ആണ്‍കുട്ടികളോടൊപ്പം ഫുട്ബാള്‍ കളിച്ചാണ് കായികരംഗത്തേക്ക് ഹിമ എത്തുന്നത്. സ്‌പോര്‍ട്ട്‌സ് ആന്റ് യൂത്ത് വെല്‍ഫെയര്‍ ഡയറക്ടറേറ്റ് അംഗവും കായിക പരിശീകനുമായ നിപ്പോണ്‍ ദാസ് ആണ് ഹിമയിലെ അതിവേഗ ഓട്ടക്കാരിയെ കണ്ടെത്തുന്നത്. കായികജീവിതത്തില്‍ കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങള്‍ക്കായി ഗോഹട്ടിയിലേക്ക് മാറാന്‍ നിപ്പോണ്‍ ദാസ് ഹിമയോട് ആവശ്യപ്പെട്ടിരുന്നു. ഹിമയുടെ ഗ്രാമത്തില്‍ നിന്നും 140 കി.മീ ദൂരെയാണു ഗോഹട്ടി. ഹിമയുടെ മാതാപിതാക്കള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതം നല്‍കി . ഗുവാഹത്തിയിലെ സരുസാജായ് സ്‌പോര്‍ട്ട്‌സ് കോംപ്ലെക്‌സിന് അടുത്തുള്ള ഒരു വാടകമുറിയില്‍ നിപ്പോണ്‍ ദാസ് താമസസൗകര്യം ഒരുക്കിക്കൊടുത്തു. ബോക്‌സിംഗിലും ഫുട്‌ബോളിലും ശ്രദ്ധേയമായ സ്റ്റേറ്റ് അക്കാദമിയില്‍ ഹിമയെ ചേര്‍ത്തു. കായികരംഗത്ത് ചിറകു വിടര്‍ത്തി പറക്കാന്‍ ഹിമയെ അത് ഏറെ സഹായിച്ചു. അന്താരാഷ്‌ട്രതലത്തില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ ആദ്യത്തെ ഇന്ത്യന്‍ ഓട്ടക്കാരിയാണ് ഹിമ. ഫിന്‍ലാന്റിലെ ടാമ്പെരെയില്‍ വച്ചു നടന്ന 2018 ലോക അണ്ടര്‍-20 അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ 51.46 സെക്കന്റുകൊണ്ട് പൂര്‍ത്തിയാക്കികൊണ്ട് ഹിമ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്ററിലും 4×400 മീറ്റര്‍ റിലെയിലും ഹിമ പങ്കെടുത്തിരുന്നു. അന്ന് 400 മീറ്ററില്‍ ആറാം സ്ഥാനവും, റിലേയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ഏഴാം സ്ഥാനവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: