വയലാര്‍: എസ്ഡിപിഐ തീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ വീട് ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. നന്ദുവിന്റെ വയലാറിലെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച അദ്ദേഹം കേസ് അന്വേഷണം ഭീകരവിരുദ്ധ സ്‌ക്വാഡിനു വിടണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിരോധിച്ച സിമി എന്ന തീവ്രവാദസംഘടനയുടെ മറ്റൊരു മുഖമാണ് എസ്ഡിപിഐ. തീവ്രവാദം വളര്‍ത്തുന്ന സംഘടനയെ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രസര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിക്കും. നന്ദുവിന്റെ കേസ് അന്വേഷിക്കേണ്ടത് ലോക്കല്‍ പോലീസല്ല. നാട്ടില്‍ അസ്വസ്ഥതയും സംഘര്‍ഷവും സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ വിദഗ്ദസംഘത്തെ കേസന്വേഷണം ഏല്‍പ്പിക്കണം. ഇതിന് മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ കേന്ദ്രനേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. കൊലപാതകപിന്നിലുള്ള ഗൂഢാലോചന പുറത്തുവരണം. ഇതിന് പിന്നിലുള്ള സാമ്പത്തിക ശക്തികളെയും ആയുധം നല്‍കിയവരെയും കണ്ടെത്തണം. കേരളത്തില്‍ ഹൈന്ദവ സമൂഹത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
ക്രൈസ്തവവരും ഹിന്ദുക്കളും ലൗജിഹാദിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവരുമ്പോഴും നുണപ്രചാരങ്ങളാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് സര്‍ക്കാരും ഇടതുപക്ഷവും. വാളല്ലെന്‍ സമരായുധം എന്ന് പാടിയ വിപ്ലവകവിയായ വയലാര്‍ രാമവര്‍മ്മയുടെ നാട്ടില്‍ മതതീവ്രവാദികള്‍ വാളുകൊണ്ട് ഒരു നിരപരാധിയെ കൊലപ്പെടുത്തിയിട്ടും ഇവിടെ തീവ്രവാദം ഇല്ലെന്ന് പറയുന്ന ഇടതു സര്‍ക്കാരും വിജയരാഘവനും നന്ദുവിന്റെ അമ്മയുടെ കണ്ണീരിന് മറുപടി പറയണം.
ഭീകരശക്തികള്‍ കേരളത്തില്‍ അഴിഞ്ഞാടുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് വയലാറില്‍ നടന്ന സമാനതകളില്ലാത്ത കൊലപാതകം. യാതൊരു പ്രകോപനവും ഇല്ലാതെയാണ് അക്രമികള്‍ നന്ദുവിനെ വെട്ടിക്കൊന്നത്. പോലീസിന്റെ സാന്നിധ്യത്തിലാണ് കൊലനടന്നത്. അക്രമത്തെ കുറിച്ച് പോലീസിന് നേരത്തെ അറിയാമായിരുന്നു.
കുറച്ചുനാളുകളായി കൊലവിളികള്‍ നടത്തി ആലപ്പുഴ ജില്ലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന എസ്ഡിപിഐ എന്ന തീവ്രവാദ സംഘടനയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പരാതി നല്‍കിയിരുന്നതാണ്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ അക്രമകാരികളെ സംരക്ഷിച്ചതുകൊണ്ടാണ് നന്ദുവിന് ജീവന്‍ നഷ്ടപ്പെട്ടത്. നന്ദുവിന്റേത് ആസൂത്രിതമായ കൊലപാതകമാണ്. കൊല്ലണം എന്ന ഉദ്ദേശത്തോടെ ആയുധങ്ങള്‍ സംഭരിച്ച് ഉന്നതരുടെ പിന്തുണയോടെ സംഘടിതമായി നടത്തിയ കൊലപാതകമാണ്. സര്‍ക്കാര്‍ ഇതിനെ നിസാരമായി തള്ളിക്കളഞ്ഞാലും ഇന്നാട്ടിലെ ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കും. നന്ദുവിന്റെ ബലിദാനം മാപ്പര്‍ഹിക്കുന്ന കുറ്റമല്ല. കേരളത്തില്‍ വളര്‍ന്നുവരുന്ന ഭീകരവാദത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് വരും. കൊലപാതകികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: