ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര തലത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. അതിര്‍ത്തികടന്നുള്ള സൈനിക നടപടികള്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണെന്ന് ഐക്യരാഷ്ട്ര സഭയെ ഇന്ത്യ അറിയിച്ചു. മറ്റൊരു രാജ്യത്തിന്റെ സായുധാക്രമണം മൂലമാണ് ഇത്തരം സൈനിക നീക്കങ്ങള്‍ നടത്തേണ്ടി വരുന്നതെന്നും ഭാരതം വ്യക്തമാക്കി.
ഇത്തരം ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ തിരിച്ചടിനല്കാന് സൈന്യത്തെ ഉപയോഗിക്കുമെന്നും യു.എന്നിലെ ഇന്ത്യന്‍ അംബാസഡറുടെ ഉപ പ്രതിനിധി നാഗരാജ് നായിഡു വ്യക്തമാക്കി. പാക്കിസ്ഥാന് ഇനിയും പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ നടപടി എടുക്കുമെന്ന നിലപാടാണ് ഇന്ത്യ വ്യക്തമാക്കിയത്.
തീവ്രവാദത്തിനെതിരെ ഇന്ത്യ നിലപാട് ശക്തമാക്കിയതോടെ കശ്മീരിലെ നിയന്ത്രണരേഖ അടക്കമുള്ള അതിര്‍ത്തി മേഖലയിലുടനീളം സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ പാക്കിസ്ഥാന് മുന്‍കൈയെടുത്ത് മുന്നോട്ടുവന്നു. അതിര്‍ത്തിയില്‍ പാക്ക് സേന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ ഹോട്ലൈനിലൂടെ നടത്തിയ ആശയവിനിമയത്തെത്തുടര്‍ന്നാണു തീരുമാനം. അര്‍ധരാത്രി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: