മറവിയുടെ ആഴങ്ങളില്‍ നിന്ന് എന്തോ ഓര്‍ത്തെടുക്കുംപോലെ കവി ഞങ്ങളുടെ മുന്നിലിരുന്നു. എത്രയോ വേദികളില്‍ തപസ്യക്ക് വഴികാട്ടിയായി നിന്ന ധീരമായ ആര്‍ഷ ശബ്ദം നീണ്ട മൗനത്തിലേക്ക് ഒതുങ്ങിയതിന്റെ മന്ത്രണമുണ്ടായിരുന്നു ആ സദസ്സിന് അകമ്പടിയായി. 2019 ഒക്ടോബര്‍ 28നാണ് ഞങ്ങള്‍ കവിയുടെ ശ്രീവല്ലിയിലേക്ക് കടന്നുചെന്നത്.
തപസ്യയുടെ പ്രൊഫ: തുറവൂര്‍ വിശ്വംഭരന് സ്മാരക പുരസ്കാരം അദ്ദേഹത്തിന് സമര്‍പ്പിക്കുകയായിരുന്നു ലക്ഷ്യം. കവി പി. നാരായണക്കുറുപ്പ്, പ്രൊഫ: പൂജപ്പുര കൃഷ്ണന് നായര്‍, തിരുവനന്തപുരത്തെ തപസ്യ പ്രവര്‍ത്തകര്‍… ചെറിയ സദസ്സ്. അദ്ദേഹത്തിന്റെ പത്നിയും മകളും ചേര്‍ന്ന് ഞങ്ങളെ സ്വീകരിച്ചു. കവിക്ക് മുന്നിലിരിക്കുമ്പോള്‍ കേട്ട് മറക്കാത്ത ആ ശബ്ദം ഓര്‍മ്മയില്‍ തിരയിളക്കങ്ങളുണ്ടാക്കി. ശിലാജാഡ്യം പിളര്‍ന്നെത്തും ഇന്ത്യയെന്ന വികാരത്തെ നെഞ്ചകത്ത് കുടിയിരുത്തിയ ഒരാള്‍… കാലവും ലോകവും മാറിക്കൊണ്ടേയിരിക്കുന്നതിന്റെ സ്പന്ദനങ്ങള്‍ അറിയാതെ നിശ്ചേഷ്ടനായി… ഇങ്ങനെ….
തപസ്യയുടെ എത്രയോ വേദികളില്‍ അദ്ദേഹം എത്തി. ആഴമേറിയ അറിവുകള്‍ പകര്‍ന്നു. സൗമ്യമായ സാന്നിധ്യം കൊണ്ട് ഞങ്ങളെ അഭിമാനികളാക്കി… ഇവിടെ ഇപ്പോള്‍ നിറഞ്ഞ പ്രസന്നതയോടെ, ഇളക്കമില്ലാത്ത നോട്ടത്തോടെ കവി ഇരിക്കുന്നു. പുരസ്കാരദാനത്തിന്റെ ചടങ്ങുകള്‍. കവിയുടെ പ്രിയകൂട്ടുകാരനും തപസ്യ രക്ഷാധികാരിയുമായ പി. നാരായണക്കുറുപ്പ് അവാര്‍ഡ് കൈമാറി.
പോരും മുമ്പ് ഉജ്ജയിനിയിലെ രാപ്പകലുകളില്‍നിന്ന് ചില വരികള്‍ കവിക്ക് മുന്നില്‍ പാടി. പാടാനുള്ള നിയോഗം ലക്ഷ്മിക്കായിരുന്നു. എന്റെ മകള്‍ക്ക്.
”മാളവത്തില്‍ മഴ പെയ്തുതിമിര്‍ക്കുന്നു,
വിദിശയില്‍ ഞാറു മുങ്ങി നിവരുന്നു, തണുത്ത കാറ്റാല്‍
ദേവഗിരിയിലെ കാട്ടുഞാവല്‍ മൂത്തു മതിര്‍ക്കുന്നു
പോള പൊട്ടിയിളംകൈത വാസനിക്കുന്നു.
ചൊകചൊകേ പലാശങ്ങള്‍ വെളുവെളേ പാലകളും
മലര് ചൊരിയുന്ന വയല്‍വരമ്പിലൂടേ
ഇടിമിന്നല്ക്കൊടിപടഹങ്ങളോടേ, മദമാണ്ട
കരിങ്കാറിന്പുറമേറിയെഴുന്നെള്ളുന്നൂ
അവതാരം! ഇവന് മണ്ണിലുഴുതു പുളച്ചു വേര്‍പ്പിന്‍
ചുടുഗന്ധമുതിര്‍ക്കുന്ന പുരുഷനല്ലി?”
(തപസ്യ കലാസാഹിത്യവേദി വര്‍ക്കിങ് പ്രസിഡന്റ് ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: