ന്യൂദല്‍ഹി: തമിഴ്നാട്, കേരളം, അസം, ബംഗാള്‍, പുതുച്ചേരി എന്നിങ്ങനെ അഞ്ചിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്.
അഞ്ചിടങ്ങളിലും മെയ് രണ്ടിനായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, 10, 17, 22, 26, 29 എന്നീ തീയതികളിലായാണ് വോട്ടെടുപ്പ്.
അസമില്‍ മൂന്ന്ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 27, ഏപ്രില്‍1, 6 എന്നീ തിയതികളിലാണ് വോട്ടെടുപ്പ്.
തമിഴ്നാട്, കേരള, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കും.
‘നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 824 സീറ്റുകളിലേക്ക് 2.7 ലക്ഷം പോളിംഗ് സ്റ്റേഷനുകളില്‍ 18.68 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തും. അസമില്‍ 126 സീറ്റുകളിലേക്കും തമിഴ്നാട്ടില്‍ 234 സീറ്റുകളിലേക്കും ബംഗാളില്‍ 294 സീറ്റുകളിലേക്കും കേരളത്തില്‍ 140 സീറ്റുകളിലേക്കും പുതുച്ചേരിയില്‍ 30 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും,’ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചട്ടങ്ങളും ഉടന്‍ നിലവില്‍ വന്നതായും കമ്മീഷന് അറിയിച്ചു.
‘സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ അഞ്ചു പേര്‍ക്ക് മാത്രമാണ് വീട് വീടാന്തരം കയറിയുള്ള പ്രചാരണം നടത്താന്‍ അനുവദിക്കുക. ആവശ്യത്തിന് സുരക്ഷാസേനകളെ വിന്യസിപ്പിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള എല്ലാവര്ക്കും കോവിഡ് വാക്സിന് മുന്‍ഗണന നല്‍കും,’ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.
നിര്‍ണ്ണായകവും അക്രമസാധ്യതയുള്ളതുമായ ഇടങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഇവിടെ ആവശ്യമായ സേനയെ വിന്യസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ബൂത്തുകളില്‍ വെബ്കാസ്റ്റിംഗിനുള്ള സൗകര്യം ഒരുക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ടിംഗിന് ഒരു മണിക്കൂര്‍ അധികമായി അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: