തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ഫാസ് ടാഗിലൂടെ യാത്രക്കാരെ ടോള്‍ കമ്പനി പിഴിയുന്നതായി ആക്ഷേപം. ഫാസ് ടാഗിനെ ചൊല്ലി ദിവസവും ടോള്‍ പ്ലാസയില്‍ തര്‍ക്കം പതിവായി. ചെറുകിട വാഹനങ്ങള്‍ക്ക് ഫാസ് ടാഗില്‍ മിനിമം ബാലന്‍സായി 200 രൂപ വേണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. ഫാസ് ടാഗില്‍ തുകയുണ്ടായിട്ടും ടോള്‍ ബൂത്തിലെ സാങ്കേതിക തകരാര്‍ മൂലം വാഹന ഉടമകള്‍ക്ക് ഇരട്ടിത്തുക പിഴ നല്‍കേണ്ടി വരുന്നതാണ് സംഘര്‍ഷത്തിനിടയാക്കുന്നത്.
അക്കൗണ്ടില്‍ നിശ്ചിത തുകയുണ്ടായിട്ടും പല വാഹനങ്ങളും ടോള്‍ കമ്പനിയുടെ ഭീഷണി ഭയന്ന് പിഴ നല്‍കുകയാണ്. ഫാസ് ടാഗില്‍ 2,900 രൂപയോളം ഉണ്ടായിട്ടും മാള കുഴൂര്‍ സ്വദേശിയായ ജോയിയുടെ കാര്‍ കഴിഞ്ഞ ദിവസം പാലിയേക്കരയില്‍ മണിക്കൂറുകളോളം തടഞ്ഞു വെച്ച സംഭവം പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ടോള്‍ബൂത്തില്‍ പ്രവേശിച്ച ജോയിയുടെ കാറിലെ ഫാസ് ടാഗ് റീഡ് ചെയ്യാതിരുന്നതോടെ ഇരട്ടിത്തുക പിഴ ആവശ്യപ്പെട്ടാണ് ടോള്‍ ബൂത്ത് ജീവനക്കാര്‍ വാഹനം തടഞ്ഞത്. അക്കൗണ്ടിലെ ബാലന്‍സ് ജീവനക്കാരെ കാണിച്ചുവെങ്കിലും പിഴ നല്‍കണമെന്ന് ആവശ്യപ്പെടുകയും ജോയിയുടെ ലൈസന്‍സ് ബലമായി പിടിച്ച് വയ്ക്കുകയും ചെയ്തു. ഇതോടെ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തി ജോയി പരാതി നല്കി. ഫാസ് ടാഗ് അക്കൗണ്ടില്‍ ബാലന്‍സുള്ളതായി കാണിച്ചു കൊടുത്തു. ഇതേ തുടര്‍ന്ന് ടോള്‍ പ്ലാസ അധികൃതരെ പോലീസ് വിളിച്ചു വരുത്തിയാണ് ലൈസന്‍സ് തിരികെ ജോയിക്ക് വാങ്ങി നല്‍കിയത്.
മിനിമം ബാലന്‍സ് യഥാര്‍ഥത്തില്‍ ദേശീയപാതയില്‍ നടക്കുന്ന ചൂഷണമാണെന്നും ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടാതെ ഈ തുക ടോള്‍ കമ്പനിക്ക് വെറുതേ കിട്ടുന്ന നിക്ഷേപമായി മാറുകയാണെന്നും വാഹന ഉടമകള്‍ പറയുന്നു. ഫാസ് ടാഗില്‍ തുകയുണ്ടായിട്ടും ടോള്‍ബൂത്തിലെ സാങ്കേതിക തകരാര്‍ മൂലം വാഹന ഉടമകള്‍ ഇരട്ടിത്തുക പിഴ നല്‍കേണ്ടി വരുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണ്. നാഷണല്‍ ഹൈവേയ്സ് ഫീ ചട്ടപ്രകാരം ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനങ്ങളെ സൗജന്യമായി കടത്തി വിടണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ സീറോ ട്രാന്സാക്ഷന് രസീത് നല്‍കണമെന്നും കരാറിലുണ്ട.
ടാഗില്‍ മതിയായ തുകയുണ്ടാകണമെന്നു മാത്രമാണ് കരാറില്‍ പറയുന്നത്. ഇതനുസരിച്ച് ടോള്‍കമ്പനി ഇരട്ടിത്തുക ഈടാക്കുന്നത് അന്യായമാണെന്നും നിര്‍ബന്ധപൂര്‍വം പിഴ ഈടാക്കിയാല്‍ കമ്പനി അധികൃതരുടെ പേരില്‍ പോലീസ് കേസെടുക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
വാഹനങ്ങളില്‍ പതിക്കേണ്ട ടാഗ് ലഭിക്കാന്‍ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയതും യാത്രക്കാര്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്. എംആര്‍പി പ്രകാരം ഫാസ് ടാഗിനുള്ള പണം അടച്ചാല്‍ മാത്രം മതിയെന്നിരിക്കേ സര്‍വീസ് ചാര്‍ജായി 100 മുതല്‍ 300 രൂപ വരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടാഗ് ലഭിക്കാന്‍ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയത് ഉപഭോക്തൃ ചട്ടങ്ങളുടെ ലംഘനമാണെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: