തിരുവനന്തപുരം: പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍. മാര്‍ച്ച് 17ന് ആരംഭിക്കാനിരിക്കുന്ന പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പിനും ബാലാവകാശ കമ്മീഷനും വിദ്യാര്‍ഥികള്‍ നിവേദനം നല്‍കി. കഴിഞ്ഞ ആറ് മാസം കൊണ്ട് പഠിപ്പിച്ചതിനേക്കാള്‍ ഇരട്ടി പാഠഭാഗങ്ങളാണ് രണ്ട് മാസം കൊണ്ട് പഠിപ്പിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തിയിരുന്നത്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ സയന്‍സ് ഗ്രൂപ്പില്‍ മിക്ക വിഷയങ്ങളിലും അഞ്ചോ ആറോ അധ്യായങ്ങളാണ് പഠിപ്പിച്ചത്. പരീക്ഷ മാര്‍ച്ചില്‍ നടത്താന്‍ തീരുമാനിച്ചതോടെ ക്ലാസുകള്‍ തീര്‍ക്കാനുള്ള തിരക്കിലാണ് അധ്യാപകർ.
ഫിസിക്‌സ് വിഷയം മാത്രം നോക്കിയാല്‍ ജനുവരിയില്‍ ആറ് അധ്യായങ്ങള്‍ പഠിപ്പിച്ചു. എല്ലാ വിഷയങ്ങളിലും ഇതാണ് സ്ഥിതി. എന്നാല്‍ അത്രയും പാഠഭാഗങ്ങള്‍ പഠിച്ചു തീര്‍ക്കാനാവുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പരീക്ഷ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ അധ്യായങ്ങളും പഠിച്ചുതീര്‍ക്കാനാവുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: