ലണ്ടന്‍: വിചാരണ നടപടികള്‍ക്കായി ബിസിനസ്സുകാരന്‍ നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറണമെന്ന് വിധിച്ച് യുകെ കോടതി.
യുകെയിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വ്യാഴാഴ്ച ഈ വിധി പ്രസ്താവിച്ചത്. വായ്പയെടുത്ത് തിരിച്ചടക്കാതെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 14000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയാണ് നീരവ് മോദി. ഇന്ത്യയിലെ ജയില്‍ സാഹചര്യങ്ങള്‍ തൃപ്തികരമല്ലെന്ന കാരണമാണ് നീരവ് മോദിയുടെ അഭിഭാഷകന്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയിലെ ജയിലിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോകള്‍ പരിശോധിച്ച കോടതിയ്‌ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നീരവ് മോദിയെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കാന്‍ സമ്മതിച്ചത്.
ഇന്ത്യയില്‍ വിചാരണനടത്തിയാല്‍ നീരവ് മോദിയ്‌ക്ക് നീതി കിട്ടില്ലെന്ന വാദവും ലണ്ടന്‍ കോടതി തള്ളി. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും കോടതി പ്രശംസിച്ചു. ഇന്ത്യയിലേക്ക് കൈമാറിയാല്‍ നീരവ് മോദിയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് പാര്‍പ്പിക്കുക.
കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് നീരവ് മോദിയ്‌ക്കെതിരെ സ്വാധീനം ഉപയോഗിക്കുമെന്ന വാദവും ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. മോദിയ്‌ക്ക് ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്കും തമ്മില്‍ തട്ടിപ്പില്‍ ബന്ധമുണ്ടെന്നും മോദിയുടെ കമ്പനികളെല്ലാം തന്നെ അദ്ദേഹം സ്വയം പ്രവര്‍ത്തിപ്പിക്കുന്ന നിഴല്‍ കമ്പനികളായിരുന്നുവെന്നും കോടതി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: