ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാക്കിസ്ഥാനും. ഇരു രാജ്യങ്ങളുടേയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അടുത്തിടെ നിയന്ത്രണ രേഖയില്‍ വെടിവെപ്പുകള്‍ പതിവായതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയത്. അതിര്‍ത്തികളില്‍ പ്രധാന പ്രശ്നങ്ങളും ആശങ്കകളും പരസ്പരം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നുണ്ട്.
2003 ലാണ് നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാറില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെക്കുന്നത്. നിയന്ത്രണ മേഖലയില്‍ താമസിക്കുന്ന സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുന്ന സാഹചര്യം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ നിയന്ത്രണ രേഖയിലെ അക്രമങ്ങളും പിരിമുറുക്കങ്ങളും കുറയുമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ് ഇരുകൂട്ടരും.
അതേസമയം ജമ്മു കശ്മീരിലെ നുഴഞ്ഞുകയറ്റമോ പ്രക്ഷോഭമോ തടയുകയെന്ന ലക്ഷ്യത്തോടെ നിയന്ത്രണ രേഖയില്‍ സൈനികരെ വിന്യസിക്കുന്നത് ഇന്ത്യ ലഘൂകരിക്കില്ല. മുമ്പ് ലക സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ 10,752 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുള്ളതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി അറിയിച്ചിരുന്നു. ഈ വെടിവെപ്പുകളില്‍ 72 സുരക്ഷാ ഉദ്യോഗസ്ഥരും 70 സാധാരണക്കാരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: