ന്യൂദല്‍ഹി: അര്‍ഹമായവര്‍ക്ക് അംഗീകാരം നല്‍കണമെന്ന് മോട്ടേര സ്‌റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നല്‍കിയതിനെ ന്യായീകരിച്ച് മുന്‍ വിവാദ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫെയ്‌സല്‍.
നേരത്തെ മോദിയെയും കേന്ദ്രസര്‍ക്കാരിനെയും ശക്തമായി വിമര്‍ശിക്കുകയും മോദിയെ എതിര്‍ത്ത് സ്വന്തം രാഷ്‌ട്രീയപാര്‍ട്ടി വരെ രൂപീകരിച്ച ഷാ ഫെയ്‌സല്‍ എന്ന കശ്മീരുകാരനായ യുവാവ് ഇപ്പോള്‍ മോദിയുടെ ആരാധകനാണ്. നേരത്തെ സര്‍ദാര്‍ വല്ലാഭായി പട്ടേലിന്റെ പേരിലുണ്ടായിരുന്ന സ്റ്റേഡിയമാണ് ഇപ്പോള്‍ പുതുക്കിപ്പണിത് 1,32000 കാണികള്‍ക്ക് വരെ ഇരിക്കാവുന്ന (1,10,000 എന്ന് ഔദ്യോഗിക കണക്ക്) ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് കളിക്കളമാക്കി മാറ്റിയത്. ഈ സ്‌റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നല്‍കിയതിനെ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ വിമര്‍ശിച്ചിരുന്നു.
‘ഇടതുപക്ഷം എപ്പോഴും സ്ഥാപനങ്ങള്‍ക്ക് അവരുടെ നേതാക്കളുടെ പേര് നല്‍കുന്നത് ആഘോഷമാക്കിയിട്ടുണ്ട്. സ്‌റ്റേഡിയത്തിന് ജീവിച്ചിരിക്കുന്ന ഒരു മഹദ് വ്യക്തിയുടെ പേര് നല്‍കുന്നത് ഇതാദ്യമല്ല. തീര്‍ച്ചയായും അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം നല്‍കണം,’- ഷാ ഫെയ്‌സല്‍ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.
ചരിത്രം പരിശോധിച്ചാല്‍ സ്‌റ്റേഡിയത്തിനേക്കാള്‍ വലിയ പലതിനും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേര് നല്‍കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് റഷ്യയില്‍ ലെനിന്‍ഗ്രാഡ്, സ്റ്റാലിന്‍ഗ്രാഡ് എന്നീ നഗരങ്ങള്‍ തന്നെയുണ്ട്. ഇന്ത്യയില്‍ ഗാന്ധികുടുംബത്തില്‍ നിന്നുള്ളവരുടെ പേരില്‍ രണ്ട് ഡസന്‍ വന്‍നിര്‍മ്മാണങ്ങള്‍ തന്നെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: