ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ പള്ളി വികാരിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ ആൾക്കൂട്ട വിചാരണ നടത്തി മാപ്പ് പറയിച്ചു. കുന്നോത്ത് പള്ളി വികാരി ഫാ. അഗസ്ത്യൻ പാണ്ട്യാംമാക്കലിനെ വിമർശിച്ച പൊതുപ്രവർത്തകൻ ജിൽസ് ഉണ്ണിമാക്കലിനെയാണ് പോലീസ് നോക്കി നിൽക്കേ വിശ്വാസികൾ പള്ളിയിൽ കൊണ്ടുവന്ന് അപമാനിച്ചത്. പള്ളിമുറിയിൽ തന്നെ ഭീഷണിപ്പെടുത്തി മാപ്പ് എഴുതി വാങ്ങിയ ശേഷം പള്ളി കൈക്കാരന്റെ കാല് പിടിപ്പിച്ചുവെന്നും ജിൽസ് പറഞ്ഞു.
ക്യാൻസർ ബാധിച്ച് മരിച്ച ആൽബർട്ട് എന്ന പതിനാറുകാരന് പള്ളി വികാരി അന്ത്യകൂദാശ നൽകിയില്ലെന്ന പ്രശ്നത്തിൽ ഇടപെട്ടതാണ് ഈ ദുരനുഭവത്തിന് കാരണമായത്. നാല് വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു ആൽബർട്ട്. രോഗം മൂര്‍ച്ഛിച്ചതോടെ ആല്‍ബര്‍ട്ടിന്റെ കാല് പൂർണ്ണമായും മുറിച്ച് മാറ്റിയിരുന്നു. തുടർചികിത്സകൾ ഫലിക്കാതെ വന്നതോടെ പാലിയേറ്റീവ് കെയർ നൽകിയാൽ മതിയെന്ന് കാട്ടി വീട്ടിലേക്ക് അവനെ പറഞ്ഞയച്ചു. ഇതോടെയാണ് മകന് അന്ത്യ കൂദാശ അടക്കമുള്ള മതപരമായ പ്രാർത്ഥന നടത്തണമെന്ന് അഭ്യർത്ഥിച്ച് പിതാവ് മാത്യു ചരുപറമ്പിൽ കുന്നോത്ത് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. അഗസ്ത്യൻ പാണ്ട്യാംമാക്കലിനെ കാണാന്‍ പോകുന്നത്. എന്നാല്‍, താന്‍ മൂന്ന് പ്രാവശ്യം തന്റെ കൂട്ടുകാരന്‍ രണ്ട് പ്രാവശ്യം പറഞ്ഞുവെങ്കിലും പള്ളി വികാരി അന്ത്യ കുദാശ നല്‍കിയില്ലെന്ന് മാത്യു ചരുപറമ്പിൽ പറഞ്ഞു.
പിന്നീട് 33-ാം ദിവസം വികാരി വന്ന് അന്ത്യ കൂദാശ നല്‍കുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല കുട്ടിയുടെ മരണ ശേഷം ഏഴാം ദിവസത്തെ ചടങ്ങുകൾക്കായി കുർബ്ബാന, ഒപ്പീസ് എന്നിവ ചൊല്ലുന്നതിനായി പള്ളി വികാരി പണം വാങ്ങി എന്നാൽ വികാരിയോ പള്ളിയുമായി ബന്ധപ്പെട്ടവരോ ചടങ്ങിൽ പങ്കെടുത്തില്ല. തുടർന്ന് കുട്ടിയുടെ പിതാവ് മാത്യു ചെരുപറമ്പിൽ തലശേരി ബിഷപ്പിനെ കാണുകയും പരാതി നൽകുകയും ചെയ്തു.
തുടർന്ന്, നാൽപ്പത്തിയൊന്നാം ദിവസത്തെ ചടങ്ങുകൾക്ക് ശേഷം കുട്ടിയുടെ പിതാവ് മാത്യു ചെരുപറമ്പിലും, ജിൽസും സുഹൃത്തുക്കളുമായി പള്ളിമുറിയിലെത്തി വികാരിയെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സ്ഥലത്തില്ലെന്നാണ് പള്ളിയുടെ കൈക്കാരന്മാർ അറിയിച്ചത്. വികാരി സ്ഥലത്തുണ്ടെന്ന് മനസിലാക്കിയ വൈദികനെ കാണാതെ സ്ഥലത്തു നിന്നും പോവുകയില്ലെന്ന് പറഞ്ഞതോടെ വികാരി ഇറങ്ങി വന്ന് വിഷയം ചര്‍ച്ച ചെയ്യാൻ തയ്യാറായി, ഇതുമായി ബന്ധപ്പെട്ട വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്.
വികാരിക്ക് പറയാനുള്ളത് കേൾക്കാതെ ഏകപക്ഷീയമായാണ് ഫേസ്ബുക്ക് പോസ്റ്റ് എന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ ജിൽസിനെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആൾക്കൂട്ട വിചാരണ നടത്തുകയായിരുന്നു. കൈക്കാരൻ ജോസിന്റെ കാലുപിടിപ്പിച്ച് കൂക്കിവിളിയോടെയാണ് സംഘം മടങ്ങിയത്. ജിൽസിനെ വിചാരണ ചെയ്ത സംഘത്തെ അനുമോദിച്ച് ഇവർ കേരള കത്തോലിക്ക സമൂഹത്തിന് മാതൃകയാണെന്ന് പള്ളി വികാരി വിശ്വാസികളുടെ വാട്സ് ആപ്പ് കൂട്ടായ്മയിൽ കുറിപ്പിടുകയും ചെയ്തു. കുട്ടിക്ക് സമയത്തുതന്നെ കൂദാശ നൽകിയിരുന്നു എന്നാണ് കുന്നോത്ത് പള്ളി വികാരി ഫാ. അഗസ്ത്യൻ പാണ്ട്യാംമാക്കലിന്റെ പ്രതികരണം.
പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട കണക്ക് ഇതുവരെ വൈദികൻ അവതരിപ്പിച്ചിട്ടില്ലെന്നും ഇത് ചോദിച്ചതാണ് തന്നോടുള്ള വിരോധത്തിനു കാരണമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: