ചങ്ങനാശ്ശേരി: പാതയോരങ്ങളില്‍ ഗുണനിലവാരമില്ലാത്ത ഉണക്കമീന്‍ വില്‍പ്പന വ്യാപകമാകുന്നതായി പരാതി. വൃത്തിഹീനമായ സാഹചര്യത്തിലാണ് വഴിയോരത്ത് വില്‍പ്പന നടക്കുന്നതെന്നാണ് ആരോപണം. പടുത വിരിച്ച് വിവിധതരത്തിലുള്ള മീനുകള്‍ കൂട്ടിയിട്ടാണ് വില്‍പ്പന.
ചങ്ങനാശ്ശേരി, കടുത്തുരുത്തി, ചെങ്ങളം, കറുകച്ചാല്‍, പുതുപ്പള്ളി, എറ്റുമാനൂര്‍, പാല, മണര്‍കാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നത്. വിലക്കുറവും കോവിഡ് കാലമായതിനാലും നിരവധി ആളുകള്‍ ഇവിടെ നിന്ന് മീനുകള്‍ വ്യാപകമായി വാങ്ങുന്നുമുണ്ട്. വിപണി വിലയെക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലകുറച്ചാണ് വില്‍പ്പന.
കേരളത്തിനു പുറത്തുനിന്നാണ് മീനുകള്‍ കൊണ്ടു വരുന്നത്. വഴിയോരത്ത് മീനുകള്‍ നിരത്തിയിട്ട് വില്‍ക്കുന്നതിനാല്‍ രൂക്ഷമായ ദുര്‍ഗന്ധവും ഉണ്ടാകുന്നു. ഇത് യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. മാര്‍ക്കറ്റുകളിലും കടകളിലും ഉണക്കമീനുകള്‍ വില്‍പ്പന നടത്തുന്നവരെയും പാതയോര വില്‍പ്പന പ്രതികൂലമായി ബാധിക്കുന്നു.
ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ ഭാഗത്തു നിന്നും ഇത്തരം മീന്‍ വില്‍പ്പന നിരോധിക്കുന്നതില്‍ കടുത്ത വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കറുകച്ചാലില്‍ ഇത്തരത്തില്‍ വില്‍പ്പന നടത്തികൊണ്ടിരുന്ന സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥര്‍ നടപടി എടുക്കാതെ മീന്‍ അവിടെ നിന്ന് മാറ്റിച്ചു. എന്നാല്‍ മറ്റ് സ്ഥലത്ത് പോയി വീണ്ടും വില്‍പ്പന തുടരുകയാണ്.
ഗുണനിലവാരമില്ലാത്ത ഇത്തരം മീനുകളുടെ വില്‍പ്പന നിരോധിക്കാന്‍ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: