കോട്ടയം: അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പുനഃപരിശോധിക്കുമെന്നുള്ള ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ട്രഷറര്‍ പി.വി. മനോജ്. ഇടതുസര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റി കോട്ടയം കളക്ട്രേറ്റിനു മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരോടുള്ള ഇടതു സര്‍ക്കാരിന്റെ നിലപാട് തികച്ചും വഞ്ചനാപരമാണ്. പങ്കാളിത്ത പെന്ഷന് ഏര്‍പ്പെടുത്തിയതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ കുറ്റം പറയുന്ന ഇടതുപക്ഷം അധികാരത്തില്‍ വന്നശേഷം അഞ്ച് സ്ഥാപനങ്ങളില്‍ പുതിയതായി പങ്കാളിത്ത പെന്ഷന് നടപ്പാക്കി. കൂടാതെ പങ്കാളിത്ത പെന്ഷന് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതിന് 2020 ജൂണ്‍ നാലിന് ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തു. അഞ്ച് വര്‍ഷം മുമ്പ് പത്താം ശമ്പള കമ്മീഷന് ശുപാര്‍ശ ചെയ്ത മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ല.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രതിലോമകരമായ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ദശാബ്ദങ്ങളായി ലഭിച്ചുകൊണ്ടിരുന്ന സര്‍വീസ് വെയ്റ്റേജ് പൂര്‍ണ്ണമായും ഒഴിവാക്കുകയും ഫിറ്റ്മെന്റ് ബെനിഫിറ്റ് പന്ത്രണ്ടു ശതമാനത്തില്‍ നിന്ന് പത്തു ശതമാനമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. അടുത്ത ശമ്പള പരിഷ്കരണം 2026നു ശേഷം മതിയെന്നുള്ള നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിനിടെ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പടെ പിടിച്ചുപറിച്ചു കൊണ്ടുള്ള ദ്രോഹ നടപടികളാണ് ഇടതു സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡണ്ട് എം.എസ്. ഹരികുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.എ. മനോജ് കുമാര്‍, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എന്‍. മോഹനന്, ജില്ലാ ട്രഷറര്‍ എസ്. ശ്രീജിത്ത്, ഫെറ്റോ ജില്ലാ സെക്രട്ടറി കെ.സി. ജയപ്രകാശ്, ജി. ദിനേശ്, ജി.എന്‍. രാംപ്രകാശ്, കെ.സി. വിജയകുമാര്‍, എസ്. സുരേഷ്, ആര്. രാജേഷ്, എസ്. ദിലീപ് കുമാര്‍, എന്‍. സജേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: