രാഷ്ട്രീയ ജൈത്രയാത്ര എന്നു പറയുന്നത് ഇതാണ്. ഗുജറാത്തിലെ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ബിജെപി രാഷ്ട്രീയ പ്രതിയോഗികളെ അമ്പരിപ്പിച്ചിരിക്കുകയാണ്. സൂറത്ത്, അഹമ്മദാബാദ്, വഡോദര, ജാംനഗര്‍, രാജ്കോട്ട്, ഭവനഗര്‍ എന്നിങ്ങനെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ ആകെയുള്ള 576 സീറ്റില്‍ 483 സീറ്റും നേടിയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ അഭിമാനകരമായ വിജയം കൈവരിച്ചത്. പോള്‍ ചെയ്തതിന്റെ 85 ശതമാനം വോട്ടും നേടിയെന്നതില്നിന്നു തന്നെ ബിജെപിയുടെ ജനപിന്തുണ വ്യക്തമാണ്. ബിജെപി വിജയത്തിന്റെ നിറുകയില്‍ എത്തിനില്ക്കുമ്പോള് കോണ്‍ഗ്രസ്സ് പരാജയത്തിന്റെ പടുകുഴിയിലാണ്. ആറ് കോര്പ്പറേഷനുകളില്നിന്നായി വെറും 44 സീറ്റാണ് കോണ്‍ഗ്രസ്സിന് നേടാനായത്. പല സീറ്റുകളിലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്കും നാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. നിരവധി സീറ്റുകളില്‍ കെട്ടിവച്ച കാശുപോലും കിട്ടിയില്ല. സൂറത്തില്‍ ബിജെപി 93 സീറ്റു നേടിയപ്പോള്‍ കോണ്‍ഗ്രസ്സിന് അക്കൗണ്ടു തുറക്കാന്‍ പോലുമായില്ല. ഗ്രാമീണര്‍, പാവപ്പെട്ടവര്‍, കര്‍ഷകര്‍, ദളിതര്‍, പിന്നാക്ക വിഭാഗങ്ങള്‍, യുവാക്കള്‍, വനിതകള്‍ എന്നിങ്ങനെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തങ്ങള്‍ക്കാണെന്ന് ബിജെപി ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുകയാണ്. ജനങ്ങള്‍ ബിജെപിക്കെതിരാണെന്ന കോണ്‍ഗ്രസ്സ് നേതാവ് രാഹുലിന്റെ വിദ്വേഷ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു.
ബിജെപിയുടെ വിജയം പോലെ തന്നെ കോണ്‍ഗ്രസ്സിന്റെ പരാജയവും ചരിത്രപരമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ എണ്‍പതുകളില്‍ ‘ഖാം’ എന്ന പേരില്‍ അറിയപ്പെട്ട ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്ലിം വോട്ടു ബാങ്ക് രാഷ്ട്രീയത്തിലൂടെ ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞ കോണ്‍ഗ്രസ്സിന് 1995 നുശേഷം ഒരൊറ്റ മുഖ്യമന്ത്രിയെപ്പോലും ലഭിച്ചില്ല. വിഭജിച്ചു ഭരിക്കുകയെന്ന തന്ത്രം ഓരോ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. 2001 ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായതോടെ പിന്നീട് നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്തു തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്നുതവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് എത്തിച്ചേര്‍ന്ന ശേഷവും ഗുജറാത്തില്‍ ബിജെപിയുടെ വിജയം തുടര്‍ക്കഥയായി. ഓരോ തെരഞ്ഞെടുപ്പു കാലത്തും കോണ്‍ഗ്രസ്സ് തിരിച്ചുവരുമെന്നും, ബിജെപിക്ക് തിരിച്ചടിയേല്‍ക്കുമെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുവെങ്കിലും ഒരിക്കലും അങ്ങനെ സംഭവിച്ചില്ല. അടിയന്തരാവസ്ഥയിലെ കോണ്‍ഗ്രസ്സിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് ഗുജറാത്തായിരുന്നു. ഇതേ ഗുജറാത്തുതന്നെയാണ് ബിജെപിയിലൂടെ കോണ്‍ഗ്രസ്സ്മുക്ത ഭാരതത്തിന് തുടക്കം കുറിച്ചതും. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച ഗുജറാത്തില്‍ ഇപ്പോള്‍ സമ്പൂര്‍ണമായിരിക്കുകയാണ്.
ഗുജറാത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ഭുതമാണ്. ഇത്രയേറെക്കാലം അധികാരത്തില്‍ തുടര്‍ന്നിട്ടും ഭരണവിരുദ്ധതരംഗം എന്നൊന്ന് ഇല്ലാത്തത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള വിശ്വാസം ഇന്നും ഗുജറാത്തിലെ ജനവിധിയെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്. മോദിയുടെ സഹോദരപുത്രിക്കു
പോലും സീറ്റ് നല്‍കാതിരുന്നത് എത്രമാത്രം നിഷ്പക്ഷമായാണ് തെരഞ്ഞെടുപ്പ് പ്രക്രിയ ബിജെപി നടത്തുന്നത് എന്നു വ്യക്തമാക്കുന്നു. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും, നിരവധി സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും, അസമിലും അരുണാചല്‍പ്രദേശിലും ജമ്മുകശ്മീരിലും ഗോവയിലും രാജസ്ഥാനിലും ലഡാക്കിലും ഹൈദരാബാദിലുമൊക്കെ നടന്ന പ്രാദേശിക സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ബിജെപി നേടിയ വിജയം നരേന്ദ്ര മോദിയിലുള്ള ജനങ്ങളുടെ വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ വിലകല്‍പ്പിക്കുന്നില്ല എന്നാണ് ഇതില്‍നിന്ന് തെളിയുന്നത്. ഗുജറാത്ത് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഇക്കുറിയും ബിജെപി നേടിയിരിക്കുന്ന ഉജ്ജ്വല വിജയം അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കാണാവുന്നതാണ്. ബിജെപി അതിന്റെ ജൈത്രയാത്ര തുടരുകതന്നെ ചെയ്യും എന്നര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: