മുംബൈ: മുസ്ലിംങ്ങള്ക്ക് മഹാരാഷ്ട്രയില്‍ സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതി പ്രമേയം പാസാക്കി. മഹാരാഷ്ട്രയിലെ ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാരിലെ കൂട്ടുമുന്നണിയാണ് കോണ്‍ഗ്രസ്.
കേന്ദ്രം നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ മഹാരാഷ്ട്രയില്‍ അടിച്ചേല്‍പ്പിക്കേണ്ടെന്ന നിലപാടും കോണ്‍ഗ്രസ് കൈക്കൊണ്ടു. മഹാരാഷ്ട്രയിലെ വിവാദ കോണ്‍ഗ്രസ് പ്രസിഡന്റ് നാന പട്ടോളെയുടെ അധ്യക്ഷതയിലായിരുന്നു യോഗം. പാര്‍ട്ടിയുടെ ചുമതലയുള്ള എച്ച്കെ പാട്ടീല്‍, സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുമായ ബാബാസാഹേബ് തോറാട്ട്, അശോക് ചവാന്, പൃഥ്വിരാജ് ചവാന്, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മറാത്തക്കാര്‍ക്കും സംവരണം നല്‍കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
മഹാരാഷ്ട്രയില്‍ എല്ലാ സമുദായങ്ങളുടെയും വളര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും നാനാ പട്ടോളെ പറഞ്ഞു. മുസ്ലിം സമുദായത്തിനുള്ള സംവരണം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാദി സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ വ്യത്യസ്തമായ കാര്‍ഷിക നിയമം നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്‍സിപിയോടും ശിവസേനയോടും കൈകോര്‍ക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ശിവസേന നേതൃത്വത്തിലുള്ള മഹാവികാസ് അഘാദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്നുമുതല്‍ കോണ്‍ഗ്രസും എന്‍സിപിയും മുസ്ലിം സംവരണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ 2020 ജനവരിയില്‍ തന്നെ മഹാവികാസ് അഘാദി സര്‍ക്കാര്‍ മുസ്ലിം സംവരണം നടപ്പിലാക്കുമെന്ന് സൂചനയുണ്ടായിരുന്നു. മുസ്ലിങ്ങള്‍ക്ക് മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഞ്ച് ശതമാനം സംവരണം നല്കുന്ന തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് ന്യൂനപക്ഷ മന്ത്രിയായ എന്‍സിപിയുടെ നവാബ് മാലിക് 2020 ഫിബ്രവരിയില്‍ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഇത് നടപ്പാക്കാന്‍ ശിവസേന സമ്മതം നല്‍കിയിട്ടില്ല. ഈ അക്കാദമിക് വര്‍ഷം ആരംഭിക്കുമ്പോള്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: