ബെംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് വരുന്നവര്‍ക്ക് വിലക്കില്ലെന്നും നിയന്ത്രണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കര്‍ണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിനു മറുപടിയായുള്ള ട്വീറ്റിലാണ് കെ.സുധാകര്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കര്‍ണാടകത്തിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ ആര്‍ടി-പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈവശം കരുതണം. അല്ലാത്തവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ കൊവിഡ് രോഗം വര്‍ധിക്കുന്ന സാഹചര്യത്തിലും കര്‍ണാടകത്തില്‍ കൊവിഡ് രണ്ടാം തരംഗം ഉണ്ടാകും എന്നുള്ള മുന്നറിയിപ്പുകളെയും തുടര്‍ന്നാണ് കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മംഗളൂരുവിലെയും ബെംഗളൂരുവിലെയും ഓരോ നഴ്സിങ് കോളേജുകള്‍ കൊവിഡ് ക്ലസ്റ്ററായി മാറി. ഭൂരിഭാഗവും മലയാളി വിദ്യാര്‍ഥികളിലാണ് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
ആര്‍ടി-പിസിആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേരളം-കര്‍ണാടക അതിര്‍ത്തികളില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. കര്‍ണാടക അതിര്‍ത്തി അടച്ചുപൂട്ടിയതായുള്ള വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍, യാത്രക്കാര്‍ക്ക് വിലക്കില്ലെന്നും നിയന്ത്രണങ്ങള്‍ മാത്രമാണുള്ളതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കേരളത്തില്‍ നിന്ന് ആര്‍ടി-പിസിആര്‍ പരിശോധന റിപ്പോര്‍ട്ടില്ലാതെ വരുന്നവര്‍ക്ക് അതിര്‍ത്തി ജില്ലകളില്‍ സൗജന്യ പരിശോധന സൗകര്യം കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരിശോധന ഫലം വരുന്നതുവരെ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കേന്ദ്രത്തില്‍ കഴിയണം. നെഗറ്റീവാണെങ്കില്‍ പോകാന്‍ അനുവദിക്കും. പോസിറ്റീവ് ആകുന്നവരെ ആശുപത്രികളിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: