കോട്ടയം: ക്ലൈമാക്സ് കൈയിലുണ്ടെന്നും അതിലേക്ക് നയിക്കുന്ന കഥ രൂപപ്പെടുമ്പോള്‍ ദൃശ്യം മൂന്ന് യാഥാര്‍ഥ്യമാവുമെന്നും സംവിധായകന് ജിത്തു ജോസഫ്.
ദൃശ്യം ഒന്നിനേക്കാള്‍ സ്വീകാര്യത ദൃശ്യം രണ്ടിന് ലഭിച്ചു. ദൃശ്യം മൂന്നിന്റെ ക്ലൈമാക്സ് കയ്യിലുണ്ട്. എന്നാല്‍ സിനിമയ്ക്കായി കാത്തിരിക്കണം. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമായും ഇതേക്കുറിച്ച് ചര്‍ച്ച നടത്തി. ക്ലൈമാക്സിന് ചേര്‍ന്ന നല്ല കഥ കിട്ടുകയാണെങ്കില്‍ ചെയ്യും. എന്നാല്‍ ബിസിനസ്സായി ചെയ്യില്ല. രണ്ടോ മൂന്നോ വര്‍ഷത്തിനകം ചെയ്യുമെന്ന് പ്രതീക്ഷിക്കാമെന്നും കോട്ടയം പ്രസ്ക്ലബ്ബിലെ മുഖാമുഖത്തില്‍ ജിത്തു ജോസഫ് പറഞ്ഞു.
ദൃശ്യത്തിന്റെ അത്ര സ്വീകാര്യത ദൃശ്യം രണ്ടിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ദൃശ്യം രണ്ടിന്റെ വിജയം അക്ഷരാര്‍ത്ഥത്തില്‍ താനടക്കമുള്ള അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചിട്ടുണ്ട്. ഒ.ടി.ടി റിലീസാണ് ദൃശ്യം രണ്ടിന് ഇത്ര വലിയ റീച്ച് ഉണ്ടാക്കിയത്.
ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടി എനിക്ക് പരിചയമുള്ള ഏതെങ്കിലും ഒരു വ്യക്തിയല്ല. സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിനായി പലവിധ കഷ്ടപ്പാടുകള്‍ സഹിക്കുന്നവരെ കണ്ടിട്ടുണ്ട്. അത്തരത്തില്‍ പരിചിതരായ നിരവധിപേരുടെ സ്വഭാവസവിശേഷതകള്‍ കോര്‍ത്തിണക്കി രൂപപ്പെടുത്തിയ കഥാപാത്രമാണ്. ദൃശ്യം രണ്ടിനായി വ്യത്യസ്തമായ പല കഥാ തന്തുക്കളും ആലോചിച്ചതില്‍ ഏറ്റവും ജനസ്വീകാര്യത ലഭിക്കുമെന്ന് തോന്നിയതിനെ വിപുലീകരിച്ച് സിനിമയാക്കുകയായിരുന്നു. ദൃശ്യം രണ്ടിലെ ഭാഗങ്ങള്‍ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പലതരത്തിലുള്ള ട്രോളുകളെയും പോസിറ്റീവായാണ് കാണുന്നതെന്നും ഇവ സിനിമയുടെ സ്വീകാര്യതയുടെ തെളിവാണെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, സെക്രട്ടറി എസ്. സനില്‍കുമാര്‍ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: