അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേറ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ പിങ്ക് പന്തില്‍ പകലും രാത്രിയുമായാണ് ടെസ്റ്റ് നടക്കുക. സ്റ്റേഡിയത്തില്‍ ഒരുലക്ഷത്തി പതിനായിരമാണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. പകുതി സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കും. 55,00 കാണികള്‍ക്കാണ് സ്റ്റേഡിയത്തില്‍ പ്രവേശനം ലഭിക്കുക. രണ്ട് ടീമുകള്‍ക്കും ഈ ടെസ്റ്റ് നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കണമെങ്കില്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും ഈ ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.
ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയും ജയിച്ചതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 227 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം ടെസ്്റ്റില്‍ ഇന്ത്യ 317 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ഈ ജയം നല്കിയ ആത്മവിശ്വാസത്തിലാണ് കോഹ്ലിയും കൂട്ടരും ഇന്ന് മൊട്ടേറയിലെ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ ടെസ്റ്റിനിറങ്ങുന്നത്. ബാക്കിയുള്ള രണ്ട് ടെസ്റ്റുകളില്‍ ഒന്നില്‍ വിജയിക്കുകയും അടുത്തതില്‍ സമനില നേടുകയും ചെയ്ത് 2-1ന് പരമ്പര നേടിയാല്‍ ഇന്ത്യക്ക് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാം.
ഇന്ത്യ വേദിയാവുന്ന രണ്ടാമത്തെ ഡേ നൈറ്റ് ടെസ്റ്റാണിത്. പകല്‍-രാത്രി മത്സരമായതിനാല്‍ ഇന്ത്യ മൂന്ന് പേസര്‍മാരെ കളിപ്പിക്കുമെന്നാണ് സൂചന. ഇഷാന്ത് ശര്‍മയ്ക്കൊപ്പം കഴിഞ്ഞ ടെസ്റ്റില്‍ കളിക്കാതിരുന്ന ജസ്പ്രീത് ബുംറ ടീമില്‍ മടങ്ങിയെത്തും. പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുത്ത ഉമേഷ് യാദവും ടീമില്‍ ഇടം പിടിച്ചേക്കും. അങ്ങനെയായാല്‍ മുഹമ്മദ് സിറാജ് പുറത്തിരുന്നേക്കും. ഉമേഷിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സിറാജ് ടീമില്‍ ഇടം നേടും. സ്പിന്‍ നിയന്ത്രിക്കുക അശ്വിനും അക്സര്‍ പട്ടേലും തന്നെയായിരിക്കും.
ബാറ്റിങ്ങില്‍ ഇന്ത്യക്ക് വലിയ പ്രശ്നങ്ങൡല്ല. രണ്ടാം ടെസ്റ്റില്‍ നായകന് കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. രോഹിത് ശര്‍മ, ശുഭം ഗില്‍ എന്നീ ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്കിയാല് കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാകും. പിന്നാലെ ചേതേശ്വര്‍ പുജാര, രഹാനെ, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് റിഷഭ് പന്ത് എന്നിവരും മികച്ച ഫോമിലാണ്. കഴിഞ്ഞ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറിയടിച്ച അശ്വിന്റെ ബാറ്റിങ്ങും ഇന്ത്യന്‍ ആത്മവിശ്വാസം കൂട്ടുന്നു.
രണ്ടാം ടെസ്റ്റില്‍ ഒട്ടേറെ പാളിച്ചകള്‍ സംഭവിച്ചെങ്കിലും ഇംഗ്ലണ്ടും തികഞ്ഞ പ്രതീക്ഷയിലാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഓള് റൗണ്ട് പ്രകടനത്തിലൂടെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്. ബാറ്റിങ്ങില്‍ ജോ റൂട്ടും ബെന്‍ സ്റ്റോക്സും സിബ്ലിയും മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ്. ജോണി ബെയര്‍സ്റ്റോയും സാക് ക്രോളിയും ടീമില്‍ മടങ്ങിയെത്തിയേക്കും. ബൗളിങ്ങില്‍ ജെയിംസ് ആന്ഡേഴ്സണ്, ജോഫ്രെ ആര്‍ച്ചര്‍, ജാക്ക് ലീച്ച് എന്നിവരാണ് ഇംഗ്ലണ്ടിന്റെ കുന്തമുനകള്‍.
ഡേ നൈറ്റ് ടെസ്റ്റില്‍ കൂടുതല്‍ മത്സര പരിചയം ഇംഗ്ലണ്ടിനാണ്. പിങ്ക് ബോള്‍ കൂടുതല്‍ സ്വിങ് ചെയ്യുമെന്നതിനാല്‍ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും ജോഫ്ര ആര്‍ച്ചറുമടങ്ങിയ ഇംഗ്ലണ്ടിന് പ്രതീക്ഷകളേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: