മുണ്ടക്കയം: മഹാഭാരതത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന പാഞ്ചാലിമേട്ടില്‍ മതത്തെ മറയാക്കി നടത്തുന്ന കൈയേറ്റം തുടരുന്നു, ഇത്തവണ ഭുവനേശ്വരിക്ഷേത്രത്തിന്റെ ആറാട്ടുകുളം നികത്തിയാണ് സര്‍ക്കാര്‍ ഒത്താശയോടെ പഞ്ചാലിമേടിന്റെ സാംസ്ക്കാരിക തനിമ നശിപ്പിച്ചിരിക്കുന്നത്. പാഞ്ചാലിമേടിന്റെ പൗരാണിക ചരിത്രം പൂര്‍ണ്ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്.
പ്രസിദ്ധമായ വള്ളിയാങ്കാവ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് പാഞ്ചാലിമേടും ഭുവനേശ്വരി ക്ഷേത്രവും. സംസ്ഥാനത്തെ ഇടത്-വലത് മുന്നണികളില്‍ രാഷ്ട്രീയ സ്വാധീനമുള്ള ഒരു മതവിഭാഗം അവരുടെ മതചിഹ്നം ഉയര്‍ത്തി പാഞ്ചാലിമേടിന്റെ ഒരു ഭാഗം കൈയടക്കിയിരുന്നു. ഇത് സംബന്ധിച്ചുള്ള പരാതികള്‍ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടുക്കി ഡിടിപിസിക്ക് പില്‍ഗ്രിം ടൂറിസം വികസനമെന്ന പേരില്‍ ക്ഷേത്രത്തിലേക്കുള്ള വഴിയടക്കം വിട്ടുനല്‍കിയത്. തുടര്‍ന്ന് ഡിടിപിസി ഇവിടെ പ്രവേശന കവാടം ഉയര്‍ത്തി ഫീസും ഏര്‍പ്പെടുത്തി.
ഭുവനേശ്വരി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി പോകുന്ന ഭക്തരും ഡിടിപിസി യുടെ 20 രൂപ പാസ് എടുക്കേണ്ട ഗതികേടാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇതിനു പുറമെയാണ് ലേക്ക് പാര്‍ക്ക് എന്നും മറ്റും പറഞ്ഞ് പുരാണങ്ങളില്‍ പരാമര്‍ശിതമായ, ഹിന്ദുക്കള്‍ക്കിടയില്‍ വിശ്വാസപരമായ പാഞ്ചാലിമേട്ടിലെ കുളം നികത്തി പരിസ്ഥിതിക്കും ക്ഷേത്രാന്തരീക്ഷത്തിനും കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുന്നത്. പില്‍ഗ്രിം ടുറിസമെന്നത് മാറി പണപ്പിരിവിന് അനുയോജ്യമായ പദ്ധതികളാണ് ജില്ലാ ഭരണകൂടം ഇവിടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതില്‍ ഭക്തര്‍ക്ക് കടുത്ത അമര്‍ഷമാണുള്ളത്.
കൈയേറ്റക്കാര്‍ക്ക് മുന്നില്‍ പാഞ്ചാലിമേടിന്റെ ഹൈന്ദവ പ്രതിശ്ചായ ഇല്ലായ്മ ചെയ്യുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകള്‍ ആരോപിച്ചു. മകരസംക്രമ ദിനത്തില്‍ എല്ലാവര്‍ഷവും ആയിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകരാണ് പാഞ്ചാലിമേട്ടില്‍ നിന്നും മകരജ്യോതി ദര്‍ശിക്കാന്‍ എത്തിച്ചേരുന്നത്. ഇത്തവണ എത്തിച്ചേര്‍ന്ന ഭക്തരെ ഡിടിപിസി അധികൃതരും പൊലീസും ചേര്‍ന്ന് വിരട്ടിയോടിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഭുവനേശ്വരി ക്ഷേത്രത്തിലേക്കുള്ള റോഡ് ഡിടിപിസി മുളനട്ട് അടയ്ക്കുക വരെയുണ്ടണ്ടായി. ഭക്തര്‍ക്കായി ക്ഷേത്രത്തിലേക്കുള്ള വഴി തുറന്നിടണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യത്തില്‍ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: