ആള്‍വേയ്സ് ബീയിംഗ് ബോണ്‍’- ഇന്ത്യന്‍ സിനിമയിലെ അതികായന് മൃണാള്‍സെനിന്റെ ആത്മകഥയുടെ ശീര്‍ഷകമാണിത്. ജനിച്ചുകൊണ്ടേയിരിക്കുന്നു. എന്ന് ഇതിനെ പരിഭാഷപ്പെടുത്താം. ചിലിയന്‍ കവി പാബ്ലോ നെരൂദയുടെ കവിതാ ശകലം അദ്ദേഹം ആത്മകഥനത്തിന്റെ തലക്കെട്ടാക്കുകയായിരുന്നു. മൃണാള്‍സെന്‍ എന്ന ചലച്ചിത്ര കലാകാരന് മരണമില്ല എന്ന് അര്‍ത്ഥത്തില്‍ ആ ശീര്‍ഷകം അന്വര്‍ത്ഥമാണ്. അദ്ദേഹം എന്നും ജനിച്ചുകൊണ്ടേയിരിക്കുന്നു.
എന്നാല്‍ നമ്മുടെ ചലച്ചിത്രോത്സവഗോദകളില് അരങ്ങേറുന്ന വിഴുപ്പലക്കലുകള്‍ കാണുമ്പോള്‍ ഈ തലക്കുറിക്ക് ഒരു പാഠഭേദം വരുത്തിയാല്‍ അത് ഏറെ ഇണങ്ങുമെന്ന് തോന്നുന്നു. – അവര്‍ ‘നിരന്തരം മരിച്ചു ജനിച്ചുകൊണ്ടേയിരിക്കുന്നു’ നമ്മുടെ നാട്ടില്‍ അരങ്ങേറുന്ന ചലച്ചിത്രമേളകളുടെ പിന്നാമ്പുറത്തു നടക്കുന്ന പരസ്പരകാലുവാരലുകളില് കുറേ ചലച്ചിത്രസ്രഷ്ടാക്കളുടെ ജനനമരണങ്ങളാണ് നടക്കുന്നത്. ചെളിവാരിയെറിയലില്ലാതെ എന്ത് ചലച്ചിത്രമേള എന്ന് തെളിയിച്ചു കൊണ്ട് തന്നെയാണ് കൊച്ചിയിലെ ചലച്ചിത്രോത്സവത്തിനും കൊടിയേറിയത്.
ചലച്ചിത്ര അക്കാദമി ചെയര്മാന് കമാലുദ്ദീന് എന്ന കമല്‍ ഇത്തവണ ദേശീയ, സംസ്ഥാന പുരസ്കാര ജേതാക്കളായ ഷാജി എന്‍. കരുണിനും സലിം കുമാറിനും നേരെയാണ് വിഷം ചീറ്റിയത്. കഴിഞ്ഞ ബുധനാഴ്ച കൊച്ചിയില്‍ ആരംഭിച്ച ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് ക്ഷണിച്ചില്ല എന്നാണ് ഇരുവരുടെയും ആരോപണം.
മറ്റൊരു കലാകാരനെ കുറ്റാരോപിതനാക്കാന്‍ താന്‍ മുതിരുന്നില്ല. താനും ഒരു കലാകാരനാണ്. കലാകാരന്മാര്ക്ക് പരസ്പരം ബഹുമാനമുണ്ടാകണം… എന്നാണ് ചെയര്മാന് കമലിന്റെ അവഗണയ്ക്കെതിരെ ഷാജി എന്‍. കരുണ്‍ ആദ്യം പ്രതികരിച്ചത്. മാന്യതയും ആര്‍ജവവുമുള്ള പ്രതികരണം. വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഈ മേള നടക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ സ്ഥാപക ചെയര്മാന് എന്ന നിലയില്‍ താന്‍ വിചാരിച്ചതു പോലെയല്ല കാര്യങ്ങളുടെ പോക്ക്. ഏതായാലും തല്ക്കാലം അവിടേക്ക് പോകാന്‍ ഉദ്ദേശിച്ചിട്ടില്ല. ചലച്ചിത്ര അക്കാദമിയിലെ ചിലര്‍ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. ഇത് വെറും ആരോപണമല്ല. ചലച്ചിത്ര മേളകളില്‍ തന്റെ സംഭാവനകള്‍ ഓര്‍ക്കാനോ ചര്‍ച്ച ചെയ്യാനോ ആളില്ലാത്ത അവസ്ഥയാണ്. ഒരിക്കലും ഞാന്‍ എന്റെ നേട്ടങ്ങള്‍ പറഞ്ഞു നടക്കാറില്ലെന്നും ഷാജി എന്‍.കരുണ്‍ വ്യക്തമാക്കി.
അക്കാദമിക്ക് തനതായ ഒരു തത്ത്വശാസ്ത്രം തന്നെ രൂപപ്പെടുത്തി വച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ കഷ്ടപ്പെട്ട് സിനിമ ചെയ്യുന്നവരുടെ സൃഷ്ടികള്‍ കൂടി പ്രദര്‍ശിപ്പിക്കാനാണ് അക്കാദമി ആരംഭിച്ചത്. ഈ ലക്ഷ്യം മൂന്‍നിര്‍ത്തിയാണ് ഐഎഫ്എഫ്കെയുടെ അംഗീകാരം അക്കാദമിക്ക് ലഭിച്ചതും. ഈ രാജ്യക്കാരാരുടെയും സാന്നിധ്യം മേളയില്‍ ഇല്ലെന്നും ഷാജി തുറന്നടിച്ചു.തന്നെ പലരും കരുതിക്കൂട്ടി അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്നു. അക്കാദമിയിലെ ചിലര്‍ ഇടപെട്ട് അതില്‍ നിന്നും പിറവിയുടെ പേര് മായിച്ചുകളഞ്ഞെന്നും ഷാജി എന്‍. കരുണ്‍ വ്യക്തമാക്കി.
കൊച്ചി മേളയില്‍ നിന്നും തന്നെ ചെയര്മാന് കമല്‍ പുറത്താക്കിയതിന് പിന്നില്‍ പ്രകടമായ രാഷ്ട്രീയം തന്നെയാണെന്നായിരുന്നു സലീം കുമാറിന്റെ പ്രതിഷേധം. ഉദ്ഘാടനത്തിന് ആരും ക്ഷണിച്ചതേയില്ല. താന്‍ കോണ്‍ഗ്രസുകാരനായതു കൊണ്ട് തന്നെയാണ് ഈ അയിത്തം. സിപിഎം മേളയാണ് കമലിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും സലിം കുമാര്‍ പറഞ്ഞു. അതേസമയം അദ്ദേഹത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് യുവസംവിധായകരായ വി.പി അഭിലാഷും സലിം അഹമ്മദും രംഗത്തെത്തി.
എന്നാല്‍ കാര്യങ്ങള്‍ വിവാദമിയതോടെ കമല്‍ മലക്കം മറിഞ്ഞു. ഷാജി എന്‍. കരുണിനെ ഒഴിവാക്കി എന്ന ആരോപണം തെറ്റിദ്ധാരണയുടെ സൃഷ്ടിയാണെന്നായിരുന്നു കമലിന്റെ പ്രതികരണം. സലിം കുമാറിന് രാഷ്ട്രീയ താല്പര്യങ്ങള് ഉണ്ടാകാം അദ്ദേഹവുമായി അരമണിക്കൂര്‍ സംസാരിച്ചിരുന്നുവെന്നുമായിരുന്നു ചെയര്‍മാന്റെ പ്രതികരണം.
ഈ വിഷയത്തില്‍ ആരാണ് ആനയെ കണ്ട കുരുടന്…? ഷാജി എന്‍. കരുണോ സലിം കുമാറോ കമലോ… ഷാജി എന്‍ കരുണിന്റെ കരിയര്‍ ഗ്രാഫ് ഏതാനും പടങ്ങള്‍ ചെയ്ത് മാളിക കയറിയ കമല്‍ അറിയാതെ പോയി അല്ലേ…? പിറവി, സ്വം എന്നീ ചിത്രങ്ങളിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ ചലച്ചിത്രകലാകാരനാണ് അദ്ദേഹം. ഷാജിയുടെ മഹത്വം കമലിന് അറിയില്ലെങ്കില്‍ അത് അറിയുന്ന കുറച്ചു പേര് ഇവിടെയുണ്ട്. അക്കാദമിയുടെ ചെയര്മാന് പദം അവസാന വാക്കാണെന്ന് പാര്‍ട്ടി ബലത്തില്‍ ധരിക്കരുത്. അതിന് എത്രയോ മുമ്പ് ഷാജി എന്‍. കരുണ്‍ ആ പദവി ഫലപ്രദമായി കൈകാര്യം ചെയ്തിട്ടുണ്ട് എന്നോര്‍ക്കണം.
പ്രിയപ്പെട്ട കമല്‍… ഒന്നു ചോദിച്ചോട്ടെ. മലയാളം സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരവും ഖ്യാതിയും നേടി കൊടുത്ത ചലച്ചിത്രകാരനാണ് ഷാജി. അദ്ദേഹം ഇടതുപക്ഷ സഹയാത്രികനുമാണ്. അപ്പോള്‍ അസൂയയുടെ പേരിലാണോ അദ്ദേഹത്തെ ഭ്രഷ്ടനാക്കിയത്..? ലോകരാഷ്ട്രങ്ങള്‍ പോലും കൂപ്പുകൈകളോടെ ആരാധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ നരാധമന് എന്ന് താങ്കള്‍ അധിക്ഷേപിച്ചില്ലേ. എന്തു വ്യാഖ്യാനം നല്കിയാലും താങ്കളുടെ രാഷ്ട്രീയ വൈരമല്ല, വര്‍ഗീയ വിദ്വേഷമാണ് ഇതിലൂടെ പുറത്തു വന്നത്. സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന നടനാണ് സുരേഷ് ഗോപി എംപി. അദ്ദേഹത്തെയും താങ്കള്‍ ആക്ഷേപിച്ചിട്ടില്ലേ. സുരേഷ് ഗോപിയുടെ മാന്യത കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാതിരുന്നത് എന്നോര്‍ക്കണം. അടുത്തിടെ ഒരു യുവതി താങ്കള്‍ക്കെതിരെ പരാതിയുമായി രംഗത്തു വന്നല്ലോ. അത് ഒത്തുതീര്ത്തുവെന്നായിരുന്നല്ലോ താങ്കളുടെ പ്രതികരണം.
ഭാഷയും വേഷവും മുതല്‍ സ്വപ്നങ്ങള്‍ വരെ സിനിമാറ്റിക് ആയ ബാലകൗമാരയൗവനങ്ങളാണ് ഓരോ മലയാളിയുടേതുമെന്ന് താങ്കളെ പോലെ കസേര പിടിച്ചിരിക്കുന്നവര്‍ അറിയണം. കണ്ടു തീര്‍ത്ത അനേകം സിനിമകളുടെ ആകെ തുകയാണ് അവന്റെ പൊതുബോധം. അത്രത്തോളം ചലച്ചിത്രസ്വാധീനമുണ്ട് മലയാളി കാണികളില്‍. അത്തരത്തില്‍ വിലക്കപ്പെട്ടതും അല്ലാത്തതുമായ ഫിലിം റീലുകളിലൂടെ ചുറ്റിത്തിരിഞ്ഞു വളര്‍ന്ന കാണികള്‍ക്ക് മികച്ച സിനിമയെയും ഷാജി എന്‍. കരുണിനെയും സലിം കുമാറിനെയും ചലച്ചിത്രലോകത്തെ കള്ളനാണയങ്ങളെയും തിരിച്ചറിയാനുള്ള വിവേകമുണ്ട്. അത് അവരെ ആത്മവിചാരത്തിന് പ്രേരിപ്പിക്കും. മാറി നടക്കാന്‍ നിര്‍ബന്ധിക്കും. അതിന് ഇടയാക്കുന്നവരുടെ കൂട്ടത്തില്‍ താങ്കളുമുണ്ടെന്ന് കാലം വിധിക്കാതിരിക്കട്ടെ.
വി. അനിലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: