ജില്ലകളുടെ ഉള്ളറിയാന്‍ –
തിരുവനന്തപുരം ജില്ല
തിരുവനന്തപുരം പിടിക്കുന്നവര്‍ കേരളം പിടിച്ചു എന്നൊരു ചൊല്ലുണ്ട്. 1987 മുതല്‍ അതായിരുന്നു തലസ്ഥാനത്തിന്റെ ചരിത്രം. അതുകൊണ്ട് തന്നെ മൂന്ന് മുന്നണികളും തമ്മില്‍ അക്ഷരാര്‍ത്ഥത്തില്‍ തീപാറുന്ന ത്രികോണപ്പോരാട്ടം നടക്കുന്നിടമായിരിക്കും തിരുവനന്തപുരം.
ആകെ 14 നിയോജകമണ്ഡലം ഉള്‍പ്പെട്ടതാണ് തിരുവനന്തപുരം ജില്ല. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം, നെടുമങ്ങാട്, കഴക്കൂട്ടം, അരുവിക്കര, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, തിരുവനന്തപുരം, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവയാണ് ഈ മണ്ഡലങ്ങള്‍. 2016ല്‍ എല്‍ഡിഎഫ് 9, യുഡിഎഫ് 4, എന്‍ഡിഎ 1 ഇതായിരുന്നു വിജയപ്പട്ടിക. പിന്നീട് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പ്രശാന്ത് ജയിച്ചതോടെ എല്‍ഡിഎഫ് സീറ്റ് നില 10 ആയി. എന്നാല്‍ 2011ല്‍ ഇത് നേരെ തിരിച്ചായിരുന്നു- അന്ന് യുഡിഎഫ് എട്ട് സീറ്റുകളില്‍ ജയിച്ചപ്പോള്‍ എല്‍ഡിഎഫിന് ആറ് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഇക്കുറിയും സിറ്റിംഗ് എംഎല്‍എമാരെ തന്നെ മത്സരത്തിനിറക്കാനാണ് ഇടതുമുന്നണി പദ്ധതി. എന്നാല്‍ രണ്ട് ടേമുകള്‍ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന് സിപിഐയും സിപിഎമ്മും തീരുമാനമെടുത്താല്‍ മൂന്ന് എംഎല്‍എമാര്‍- ബി.സത്യന് (ആറ്റിങ്ങല്‍), സി. ദിവാകരന് (നെടുമങ്ങാട്), വി. ശശി (ചിറയിന്‍കീഴ്)- പുറത്തിരിക്കേണ്ടിവരും. നെടുമങ്ങാട് സിപി ഐയുടെ ജില്ലാ സെക്രട്ടറി അനിലിനാണ് സാധ്യത.
ബിജെപിയ്ക്ക് കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്നുകൊടുത്ത രാജഗോപാല്‍ ഇക്കുറി മത്സരിക്കില്ലെന്ന് സൂചനയുണ്ട്.നേമം ഇപ്പോള്‍ ഇടത്-വലത് മുന്നണിക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്നു നേമം. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കട്ടെ എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി പറഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി തന്നെ താന്‍ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ മത്സരിക്കുമെന്ന് പത്രക്കാരെ കണ്ട് വ്യക്തമാക്കിയത്. ബിജെപിയെ തളയ്ക്കാന്‍ നേമത്ത് തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പില്‍ പരീക്ഷിച്ചപോലെ യുവരക്തങ്ങളെ ഇറക്കി പരീക്ഷിക്കാനാണ് സിപിഎം പദ്ധതി.
2016ല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇവിടെ കുമ്മനം രാജശേഖരന് 7,622 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ കെ. മുരളീധരനോട് അന്ന് തോറ്റത്. പക്ഷെ 2019ലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തുള്ളപ്പെട്ടു. എല്ലാ കുറവുകളും നികത്താന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ ബിജെപി കളത്തിലിറക്കും. വി.കെ. പ്രശാന്ത് തന്നെയായിരിക്കും ഇടതുമുന്നണി സ്ഥാനാര്‍ഥി.
കഴക്കൂട്ടമാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മറ്റൊരു മണ്ഡലം. അവിടെ 2016ല്‍ വി. മുരളീധരനായിരുന്നു സ്ഥാനാര്‍ത്ഥി. വെറും 7,347 വോട്ടുകള്‍ക്കാണ് സിപിഎമ്മിന്റെ കടകംപള്ളി സുരേന്ദ്രന് ജയിച്ചത്. കോണ്‍ഗ്രസിന്റെ എംഎ വാഹിദ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ ഇക്കുറിയും ശക്തനായ സ്ഥാനാര്‍ത്ഥിയെ ബിജെപി കൊണ്ടുവരും. മിക്കവാറും സിപിഎമ്മില്‍ പൊതുനിയമത്തില്‍ ഇളവ് നല്കി കടകംപള്ളിയെകൊണ്ടുവന്നേക്കും.
കോവളത്ത് എം. വിന്‍സെന്റ് വീണ്ടും പോരിനിറങ്ങും. 2016ല്‍ ജനതാദള്‍ സെക്കുലറിന്റെ ജമീല പ്രകാശത്തെ 2615 വോട്ടുകള്‍ക്കാണ് വിന്‍സെന്റ് തോല്പിച്ചത്.
തോറ്റെങ്കിലും 2016ല്‍ ബിജെപിയ്ക്ക് വേണ്ടി മികച്ച മത്സരം കാഴ്ചവെച്ചിരുന്നു പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍. രണ്ട് ശക്തരായ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് പി.കെ. കൃഷ്ണദാസ് പോരാടിയത്. സിപിഎമ്മിന്റെ ഐ.ബി. സതീഷ് 51,614 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ ശക്തന് 50,765 വോട്ടുകള്‍ നേടി. ഇവിടെ കൃഷ്ണദാസ് പെട്ടിയിലാക്കിയത് 38,700 വോട്ടുകളാണ്. ഇക്കുറിയും കൃഷ്ണദാസ് ബിജെപി ടിക്കറ്റില്‍ മത്സരിക്കും. ശക്തമായ ത്രികോണപ്പോരാട്ടം കാഴ്ചവെക്കുകയാണ് ലക്ഷ്യം. പറ്റുമെങ്കില്‍ താമര വിരിയിക്കുകയും ചെയ്യും.
അരുവിക്കര മണ്ഡലം കോണ്‍ഗ്രസിന്റെ കാലങ്ങളായുള്ള മണ്ഡലമാണ്. ഇവിടെ ജി. കാര്‍ത്തികേയനും അതിന് ശേഷം ശബരീനാഥനും തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലമാണ്. 2016ല്‍ ഇടത് തരംഗമുണ്ടായിട്ടും ശബരീനാഥന് 21,314 വോട്ടുകള്‍ക്ക് സിപിഎമ്മിന്റെ റഷീദിനെതിരെ ജയിച്ച മണ്ഡലമാണ്. ഇക്കുറിയും ശബരീനാഥന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും.
ചിറയിന്‍കീഴ് എന്ന മണ്ഡലം സിപി ഐയുടെ കോട്ടയാണ്. 2011മുതല്‍ വി. ശശിയാണ് ഈ പട്ടികജാതി സംവരണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തവണ 40,000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പക്ഷെ രണ്ട് തവണ വിജയിച്ചവര്‍ മാറിനില്‍ക്കേണ്ടി വരുമെന്നതിനാല്‍ ഇവിടെ ഇക്കുറി പുതിയൊരു വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ സിപിഐ രംഗത്തിറക്കും.
തദ്ദശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ മികച്ച നേട്ടമാണ് സിപിഎമ്മിന് ആത്മവിശ്വാസം പകരുന്നത്. ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഞെട്ടിക്കാനും സിപിഎം പദ്ധതിയിടുന്നു. ചിലപ്പോള്‍ ഇക്കുറി തിരുവനന്തപുരം മണ്ഡലം കേരളകോണ്‍ഗ്രസിന്റെ കയ്യില്‍ നിന്നും തിരിച്ചുവാങ്ങാന്‍ സിപിഎമ്മിന് പദ്ധതിയുണ്ട്. ഇവിടെ ശിവന്‍കുട്ടിയെ തന്നെ നിര്‍ത്താനും ആലോചനയുണ്ട്. 2016ല്‍ കോണ്‍ഗ്രസിന്റെ വിഎസ് ശിവകുമാര്‍ പതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് കേരളാ കോണ്‍ഗ്രസിന്റെ ആന്റണി രാജുവിനെ മലര്‍ത്തിയടിച്ച മണ്ഡലമാണ്. മാത്രമല്ല, അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ശിവകുമാറിനെതിരെ റെയ്ഡ് നടത്തി പ്രതിച്ഛായ തകര്‍ത്തതിന്റെ ആത്മവിശ്വാസവും സിപിഎമ്മിനുണ്ട്. എന്നാല്‍ ഇവിടെ തന്നെ വീണ്ടും പോരിനിറങ്ങാന്‍ ശിവകുമാര്‍ മടിക്കുന്നില്ല.
കെ.എ. ആന്‍സലന്‍ തന്നെയായിരിക്കും നെയ്യാറ്റിന്‍കരയിലെ ഇടത് സ്ഥാനാര്‍ത്ഥി. 2016ല്‍ ആര്. ശെല്‍വരാജിലെ 9,543 വോട്ടുകള്‍ക്ക് മലര്‍ത്തിയടിച്ചാണ് ആന്‍സലന്‍ വിജയിച്ചത്. 2011ല്‍ സിപിഎം ടിക്കറ്റില്‍ മത്സരിച്ചയാളാണ് ശെല്‍വരാജ്. എന്നാല്‍ 2012ലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിന്ന് ശെല്‍വരാജ് വീണ്ടും ജയിച്ചു. എന്നാല്‍ 2016ല്‍ ആന്‍സലനോട് തോറ്റു.
കോണ്‍ഗ്രസിന്റെ കയ്യില്‍ ഇപ്പോള്‍ മൂന്ന് മണ്ഡലങ്ങളേയുള്ളൂ- തിരുവനന്തപുരം, കോവളം, അരുവിക്കര-എന്നിവ. ഇക്കുറി ഭരണത്തിനെതിരായ വികാരം വോട്ടാക്കി മാറ്റുക വഴി 2011ലെ ചരിത്രം തിരികെവിളിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. അന്നത്തേതുപോലെ എട്ട് മണ്ഡലങ്ങളെങ്കിലും പിടിക്കുകയാണ് പദ്ധതി. ഇതിന്റെ ഭാഗമായി കാട്ടാക്കട, പാറശ്ശാല, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നെടുമങ്ങാട്, വര്‍ക്കല എന്നി മണ്ഡലങ്ങള്‍ വീണ്ടും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരവും ആഴക്കടല്‍ മത്സ്യബന്ധനത്തിന് യുഎസിലെ കംപനിയ്ക്ക് നല്കിയ കരാറും ശബരിമലയും എല്ലാം അതിന് യുഡിഎഫ് വിഷയമാക്കി ഉയര്‍ത്തും. രാഹുല്‍-പ്രിയങ്ക സാന്നിധ്യവും യുഡിഎഫിന് തുണയാകും. ഒപ്പം മികച്ച സ്ഥാനാര്‍ത്ഥിപ്പട്ടിക കൂടി നിരത്താന്‍ കഴിഞ്ഞാല്‍ ലക്ഷ്യം അസാധ്യമല്ലെന്ന് യുഡിഎഫ് നേതാക്കള്‍ വിലയിരിത്തുന്നു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ കണക്കെടുത്താല്‍ തിരുവനന്തപരും ജില്ലയിലെ 11 മണ്ഡലങ്ങളില്‍ ബിജെപി 30,000ല്‍ പരം വോട്ടുകള്‍ നേടിയിട്ടുണ്ട്. ഇത് മുതലാക്കി ഇത്രയും മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണപ്പോരിന് കളമൊരുക്കാന്‍ ബിജെപിയ്ക്ക് കഴിയും.ചില മണ്ഡലങ്ങളില്‍ ജയിച്ചുകയറുകയും ചെയ്യുക എന്നതാണ് ബിജെപി പദ്ധതി. പ്രൊഫഷണലുകളായ തെരഞ്ഞെടുപ്പ് വിദഗ്ധരാണ് ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: