തിരുവനന്തപുരം: പിഎസ്‌സി നിയമനവിവാദത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡ് പ്രയോഗിച്ച പോലീസ് ലാത്തിചാര്‍ജ് നടത്തി. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.
പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകള്‍ നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിച്ചാണ് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എംജി റോഡിലൂടെ സെക്രട്ടേറിയറ്റിലേക്ക് എത്തുകയായിരുന്നു. സെക്രട്ടറിയേറ്റില്‍ സമരഗേറ്റിന് സമീപത്ത് സംഘടിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇത് മറികടന്ന് സെക്രട്ടറിയേറ്റിലെക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് ചെയ്യുകയായിരുന്നു. കണ്ണീർ വാതകവും പ്രയോഗിച്ചു. ചിലരെ പോലീസ് വളഞ്ഞിട്ട് തല്ലി.
യുവമോർച്ച സംസ്ഥാന സെക്രട്ടറി വിഷ്ണുവിനടക്കം പരിക്കേറ്റു. പോലീസ് നാലു തവണ കണ്ണീർവാതകവും ഒരു തവണ ഗ്രനേഡും പ്രയോഗിച്ചു. ഇതിന് പിന്നാലെയായിരുന്നു ലാത്തിച്ചാർജ്. യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മാര്‍ച്ച് ആയതിനാല്‍ വനിതാ പ്രവര്‍ത്തകര്‍ അടക്കമുളളവരുടെ എണ്ണം കൂടുതലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: