ചാത്തന്നൂര്‍: ആഭ്യന്തര കലാപം രൂക്ഷമായ സിപിഎം ചിറക്കര ലോക്കല്‍കമ്മിറ്റി പുന:സംഘടിപ്പിക്കാന്‍ നീക്കം ശക്തമാക്കി ഏരിയാഘടകം. കഴിഞ്ഞതവണ ചിറക്കര ലോക്കല്‍ കമ്മിറ്റിയില്‍ 15 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര് ഇപ്പോള്‍ കമ്മിറ്റിയിലില്ല. ഒരാള്‍ ജോലി ലഭിച്ചപ്പോള്‍ പാര്‍ട്ടി വിട്ടതും, ഒരാളെ സസ്പെന്‍ഡ് ചെയ്തതും, ഒരാള്‍ മരണപ്പെട്ടുമാണ് ഒഴിവുകള്‍ വരാന്‍ കാരണം. ഈ സ്ഥാനത്തേക്ക് എത്തിപ്പെടാന്‍ മുന്‍നിര നേതാക്കന്മാര് തമ്മില്‍ ആഭ്യന്തര കലഹം രൂപപ്പെട്ടുകഴിഞ്ഞു. ചിലര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചേരിതിരിഞ്ഞ് പരസ്പരം ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ് ഇപ്പോള്‍.
ലോക്കല്‍ കമ്മിറ്റിയിലേക്ക് ചേരിതിരിഞ്ഞു നില്ക്കുന്ന ഇരു വിഭാഗങ്ങളും അവകാശവാദം ഉന്നയിക്കുന്നത് ജില്ലാ നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി. ഏരിയ കമ്മിറ്റിയുടെ മുന്നിലുള്ള ദുഷ്കരമായ പ്രശ്നങ്ങളില്‍ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ചിറക്കര, ചാത്തന്നൂര്‍ ലോക്കല്‍ കമ്മിറ്റികള്‍ വിഭജിച്ച് പുതിയ ലോക്കല്‍ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കമാണ് ഒരുവിഭാഗം നടത്തുന്നത്.
കമ്മിറ്റികള്‍ വിഭജിക്കുന്നതോടെ കൂടുതല്‍ ആളുകളെ നേതൃനിരയിലേക്ക് എത്തിക്കാനും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് കലഹം ഒഴിവാക്കാനും സാധിക്കുമെന്നാണ് ഏരിയ കമ്മിറ്റി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ നീക്കം എതിര്‍ത്തുകൊണ്ട് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ രംഗത്തുണ്ട്. നിലവില്‍ ആറുപേരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കാന്‍ നീക്കം നടത്തിയെങ്കിലും പലര്‍ക്കും എതിരെ പരാതികളുമായി നേതാക്കള്‍ തന്നെ രംഗത്തെത്തി.
ചിറക്കര പഞ്ചായത്തിലെ ഉളിയനാട് വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ഥിയുടെ പരാജയത്തില്‍ മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിനും മഹിളാ നേതാവിനും പങ്കുണ്ടെന്ന് കാണിച്ച് ഒരുവിഭാഗം പാര്‍ട്ടിപ്രവര്‍ത്തകര്‍ ഏരിയ, ജില്ലാ നേതൃത്വത്തിന് മുന്‍പ് പരാതി നല്‍കിയിരുന്നു. ഈ പരാതി ഉയര്‍ത്തികാട്ടി ലോക്കല്‍ കമ്മിറ്റിയില്‍ ഒരുവിഭാഗം നേതാക്കള്‍ ഇവര്‍ക്കെതിരെ നീക്കം നടത്തിയതോടെയാണ് കലഹം രൂക്ഷമായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന് അവകാശവാദം ഉന്നയിച്ച ഇതേ മഹിളാ നേതാവിന് അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം തന്നെ നിഷേധിച്ചിരുന്നു. അന്ന് പാര്‍ട്ടി നല്കിയ വാക്ക് ലംഘിച്ചെന്നാണ് മഹിളാനേതാവിനെ അനുകൂലിക്കുന്നവരുടെ വാദം. ഉളിയനാട് വാര്‍ഡില്‍ തോറ്റ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഇറക്കിയാണ് മറുവിഭാഗം പ്രതിരോധിക്കുന്നത്. ഈ സംഭവങ്ങള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചു. ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് കൂടെകൂട്ടാനാണ് ജില്ലാ നേതൃത്വത്തിന്റെ ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: