കൊല്ലം: പോലീസും കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും സ്വീകരിച്ച ജാഗ്രതാനടപടികളെല്ലാം പാഴായി. കോര്‍പ്പറേഷന്റെ പ്രവേശന കവാടമായ മേവറം ചീഞ്ഞുനാറുന്നു.
കോര്പ്പറേഷന് രൂപീകരിച്ചതുമുതല്‍ മേവറത്തെ മാലിന്യ പ്രശ്നം ജനങ്ങളെ വീര്‍പ്പുമുട്ടിക്കുകയാണ്. കൊവിഡ് കാലത്ത് വളരെയേറെ പ്രതിരോധ നടപടികള്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ സ്വീകരിക്കപ്പെട്ടതാണ്. കൊല്ലം ബൈപ്പാസില്‍ മേവറം സിഗ്നലിലെത്തുന്നതിന് മുന്‍പ് ഇടതുവശത്തായി ഇപ്പോള്‍ മാലിന്യം കൂമ്പാരമാണ്. നഗരത്തിലെ ഹോട്ടലുകള്‍, വീടുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങളാണ് ഇതിലേറെയും. കൂടാതെ മേവറത്തും പരിസരപ്രദേശത്തുമുള്ള കശാപ്പുശാലകളിലെ അറവ് മാലിന്യവും തള്ളുന്നത് ഇവിടെയാണ്. ഉപയോഗിച്ചശേഷമുള്ള പിപിഇ കിറ്റുകള്‍വരെ ഇക്കൂട്ടത്തിലുണ്ട്.
ബൈപ്പാസിനും മേവറത്തുനിന്ന് കൊല്ലം റോഡിലെ ദേശീയപാതയ്ക്കുമിടയിലെ കാടുപിടിച്ച പുറമ്പോക്കിലാണ് ഇറച്ചിമാലിന്യങ്ങള്‍ കൂടുതലായും നിക്ഷേപിക്കുന്നത്. ഇവിടുത്തെ ദുര്‍ഗന്ധം യാത്രക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടം. കൊല്ലം കോര്‍പ്പറേഷന്റെ പ്രവേശനകവാടം തുടങ്ങുന്ന ഈ ഭാഗത്ത് മാലിന്യം നിറയുന്നത് മുമ്പും നിരവധി തവണ ജനകീയസമരത്തിന് വഴിവച്ചിരുന്നു.
തദ്ദേശസ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റയും അവഗണന തുടരുമ്പോള്‍ വലയുന്നത് ജനങ്ങളാണ്. വര്‍ഷങ്ങളായി തുടരുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ ഒന്നരവര്‍ഷം മുന്‍പാണ് ശുചിത്വ മിഷന്, ഹരിതകേരളം മിഷന്, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, കൊല്ലം കോര്പ്പറേഷന്, മയ്യനാട്, തൃക്കോവില്‍വട്ടം ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവരുമായി ചേര്‍ന്ന് ജില്ലാഭരണകൂടം ‘മാറണം മേവറം’ കാമ്പയിന് അവതരിപ്പിച്ചത്. എന്നാല്‍ ഇതെല്ലാം പാഴാകുകയായിരുന്നു.
മേവറത്ത് നിരീക്ഷണക്യാമറകളും പോലീസ് ഔട്ട്പോസ്റ്റും സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കണം. മാലിന്യം തള്ളുന്നവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: