ദേശീയ രാഷ്ട്രീയത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ച് സപ്തഭാഷാ സംഗമഭൂമിയില്‍നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തുടക്കം കുറിച്ചിരിക്കുന്ന വിജയയാത്ര പുതിയ ചരിത്രം രചിക്കും. നവയുഗ ഭാരതത്തിന്റെ പതാകാവാഹകനായ നരേന്ദ്ര മോദിയുടെ വികസന സങ്കല്‍പ്പങ്ങളും സാമൂഹ്യ സമരസതയും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കി ഇച്ഛാശക്തിയുടെ പ്രതിരൂപമായി മാറിയിരിക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം നിര്‍വഹിച്ച യാത്ര ഇതിനോടകംതന്നെ പുതിയ ചലനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു. അഴിമതിരഹിത വികസനത്തിന്റെ ആള്‍രൂപമായ മെട്രോമാന് ഇ. ശ്രീധരന്റെ ബിജെപിയിലേക്കുള്ള വരവ് ഈ യാത്രയ്ക്ക് പുത്തനുണര്‍വ്വ് നല്കുന്നു. ആറ് വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് കേരളത്തിലെ പ്രതിഭാശാലികളായ നിരവധി പേരെ അണിനിരത്തി വിശ്വസനീയമായ നേതൃത്വം ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരിക്കുന്നു. വിജയയാത്രയുടെ സഞ്ചാരപഥങ്ങളില്‍ ഇവര്‍ ഒപ്പം ചേരുന്നതോടെ മാറ്റത്തിന്റെ മഴവില്‍ സഖ്യമായി അത് മാറും. നന്മകളെ കുടിയിരുത്തുന്ന നവകേരളത്തിലേക്കുള്ള ജൈത്രയാത്രയാണ് ബിജെപിഅധ്യക്ഷന്‍ നയിക്കുന്നത്.
ഇടതു-വലതു മുന്നണികള്‍ മാറിമാറി ഭരണം നടത്തിയ കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ് ആഞ്ഞുവീശുകയാണ്. വികസനം വിദൂരസ്വപ്നമായി അവശേഷിക്കുകയും, അഴിമതി രാഷ്ട്രീയ-ഭരണതലങ്ങളെ ഗ്രസിക്കുകയും ചെയ്തിരിക്കെ മാറ്റം അനിവാര്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. വികസനോന്മുഖവും അഴിമതിരഹിതവുമായ ഒരു ഭരണം കാഴ്ചവയ്ക്കാന്‍ സിപി
എം നേതൃത്വം നല്കുന്ന എല്‍ഡിഎഫിനോ, കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫിനോ കഴിയില്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടതാണ്. മെച്ചപ്പെട്ട ഭരണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇരുമുന്നണികളേയും പരീക്ഷിച്ച ജനങ്ങള്‍ ഇപ്പോള്‍ കടുത്ത നിരാശയിലാണ്. ഒരേ നാണയത്തിന്റെ ഇരുപുറങ്ങളായി മാറിയിരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും അഴിമതിയുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുന്നു. അധികാരത്തില്‍നിന്ന് ഇറങ്ങും മുന്‍പ് പരമാവധി അഴിമതി എന്ന നയം പ്രാവര്‍ത്തികമാക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. അഴിമതിഭരണം ആവര്‍ത്തിക്കാനുള്ള സാധ്യതയാണ് യുഡിഎഫ് തേടുന്നത്. അതിനാല്‍ അഴിമതിക്കെതിരെയും വികസനത്തിനു വേണ്ടിയും ജനങ്ങളുടെ വോട്ടു ചോദിക്കാനുള്ള അവകാശം ബിജെപിനേതൃത്വം നല്കുന്ന എന്‍ഡിഎക്ക് മാത്രമാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയ്ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തി ജനങ്ങള്‍ക്ക് പ്രിയങ്കരനായി മാറിയ സുരേന്ദ്രന്, ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് ഭരണകാലത്തും, പിണറായി വിജയന്റെ എല്‍ഡിഎഫ് ഭരണകാലത്തും യഥാര്‍ത്ഥ പ്രതിപക്ഷ നേതാവായിരുന്നു. അഴിമതി നടത്തുന്നതിലും, അത് മൂടിവയ്ക്കുന്നതിലും ഒത്തുകളിക്കുന്ന സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും തുറന്നുകാട്ടിയ നേതാവാണ് സുരേന്ദ്രന്. ഈ പോരാട്ടങ്ങളാണ് കോടാനുകോടികളുടെ പല അഴിമതികളും പുറത്തുകൊണ്ടുവന്നത്. ഇതിന്റെ സ്വാഭാവികത്തുടര്ച്ചയാണ് വിജയയാത്ര. ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയും, മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളയാത്രയും. അഴിമതിക്കും അവസരവാദ സഖ്യത്തിനും മറയിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടു തേടുകയാണ് ഈ രണ്ടു യാത്രകളുടെയും ലക്ഷ്യം. പതിറ്റാണ്ടുകളായി തുടരുന്ന ഇടതു-വലതു മുന്നണികളുടെ ജനവഞ്ചനയ്ക്കെതിരെ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും സന്ദേശവുമായാണ് കെ. സുരേന്ദ്രന്റെ വിജയയാത്ര. നാടിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് മുന്നേറുന്ന ഈ യാത്ര ലക്ഷ്യപ്രാപ്തിയിലെത്തുന്നതോടെ നവകേരളത്തെക്കുറിച്ചുള്ള പ്രത്യാശകള്‍ ജനമനസുകളില്‍ നിറയും. വലിയ രാഷ്ട്രീയ മാറ്റത്തിന് ഇത് വഴിതുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: