അദ്ദേഹം ഒരു വ്യക്തിയല്ല പ്രസ്ഥാനമാണെന്ന് ചിലരെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ അത് അക്ഷരാര്‍ത്ഥത്തില്‍ അനുയോജ്യമാവുന്ന മഹദ് വ്യക്തിത്വമാണ് ജെ.ശിശുപാലന് എന്ന ശിശുപാല്‍ജിയുടേത്. ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനമാണ്.
സമര്‍പ്പിത സേവനം എന്ന് ഉറപ്പിച്ച് പറയാവുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആധ്യാത്മിക അടിത്തറയില്‍ അധിഷ്ഠിതമായതിനാലാകാം അങ്ങനെ സംഭവിച്ചത്. ചിന്മയാ മിഷനിലൂടെയാണ് ശിശുപാല്‍ജി ആര് എസ് എസ്സില്‍ എത്തുന്നത്. അതിന്റെ ലാളിത്യം ജീവിതത്തിലുടനീളം അദ്ദേഹം പുലര്‍ത്തി. ശുഭ്ര വസ്ത്രധാരിയായിരുന്ന ശിശുപാല്‍ജിയുടെ പെരുമാറ്റത്തിലും അത് ത്രസിച്ചു നിന്നു. ഇരു പ്രസ്ഥാനങ്ങളുടെയും അന്തര്‍ധാര അദ്ദേഹത്തിന് വ്യക്തമായി ഉള്‍ക്കൊള്ളാനായി. അതിന്റെ ശോഭ പ്രവൃത്തിയിലുടനീളം നിഴലിക്കുകയും ചെയ്തു.
സര്‍ക്കാര്‍ജോലി കിട്ടി കണ്ണൂരിലേക്ക് പോയ അദ്ദേഹം അവിടെ ചിന്മയാമിഷന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോഴാണ് സംഘവുമായി ബന്ധപ്പെടുന്നത്. ടെക്നിക്കല്‍ എജുക്കേഷന്‍ ഡയറക്ടറേറ്റിലെ ജോലിയും പൊതു പ്രവര്‍ത്തനവും തട്ടും തടവും കൂടാതെ മുമ്പോട്ടു കൊണ്ടു പോകുന്നതില്‍ അദ്ദേഹം അന്യാദൃശമായവിജയം കൈവരിച്ചു.
പിന്നീട് സ്വദേശമായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറി എത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ക്കു ഗതിവേഗം കൂടി. സംഘത്തിന് വലിയ സ്വാധീനമില്ലാത്ത പ്രദേശത്ത് അശ്രാന്ത പരിശ്രമം ചെയ്ത അദ്ദേഹം സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എത്ര നല്ല കാര്യകര്‍ത്താവായി മുന്നോട്ടു പോകാനാവും എന്നതിന്റെ നിദര്‍ശനമായി.
സംഘ പ്രവര്‍ത്തനത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ അണിചേര്‍ന്നത് ശിശുപാല്‍ജിയിലെ സംഘടനാ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭിച്ചു.പരമേശ്വര്‍ജി, നാരായണ്‍ജി, എം എ സാര്‍ എന്നിവരുടെ സമ്പര്‍ക്കവും മനോഹര്‍ദേവ്ജിയുടെ മേല്‍നോട്ടവും അതിന് മറ്റൊരു മാനം തന്നെ നല്കി.
സംഘകാര്യ പദ്ധതിയിലെ പടിപടിയായ ഉയര്‍ച്ചയല്ല ശിശുപാല്‍ജിക്കുണ്ടായത്. അദ്ദേഹത്തിലെ ആധ്യാത്മിക അടിത്തറയുടെ പ്രഭാവം തിരിച്ചറിഞ്ഞ അന്നത്തെ പ്രാന്തപ്രചാരകനായ കെ.ഭാസ്കര്‍ റാവു ജില്ലാ കാര്യവാഹകിന്റെ ചുമതല ഏല്പിച്ചു. അതിന്റെ ഗൗരവവും പ്രൗഢിയും അശ്രാന്ത പരിശ്രമത്തിലൂടെ അദ്ദേഹത്തിന് നിലനിര്‍ത്താനായി. സക്രിയമായ ഇടപെടലിലൂടെ അതിന് അദ്ദേഹത്തെ പ്രാപ്തമാക്കിയതില്‍ പ്രധാനി മുതിര്‍ന്ന പ്രചാരകനായ വി.പി.ജനാര്ദ്ദനന് എന്ന ജനേട്ടനാണ്. കര്‍ക്കശക്കാരനെന്ന ഖ്യാതിയുണ്ടെങ്കിലും സംഘത്തിന്റെ നിഷ്ഠാവാനായ വ്യക്തിയായിരുന്നു അദ്ദേഹം. സംഘ സപര്യക്ക് ഊനം തട്ടുന്ന ഒരു പ്രവൃത്തിയും പ്രോത്സാഹിപ്പിക്കപ്പെടരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ശിശുപാല്‍ജി സ്നേഹമസൃണമായ രീതിയില്‍ ജനേട്ടന്റെ നിരീക്ഷണങ്ങളെ ശിരസാവഹിച്ച് മുന്നേറി.ആ കാലത്ത് പാച്ചല്ലൂര്‍ പരമേശ്വരന്, കുര്യാത്തി നാരായണന് തുടങ്ങി ഒട്ടുവളരെ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ സംഘ പ്രവര്‍ത്തനം ഏറെ മുന്നേറി.
ഞാന്‍ അക്കാലത്ത് തിരുവനന്തപുരം വിഭാഗ് പ്രചരകനായി പ്രവര്‍ത്തിക്കുകയായിരുന്നു . വല്ലാത്തൊരു ഇഴയടുപ്പമായിരുന്നു ശിശുപാല്‍ജിക്കുണ്ടായിരുന്നത്. സംഘ പ്രവര്‍ത്തനം തിരുവനന്തപുരത്തും പ്രാന്തപ്രദേശങ്ങളിലും തഴച്ചുവളര്‍ന്നതിന്റെ പിന്നില്‍ ആ ശുഭ്രവസ്ത്രധാരിയുടെ ത്യാഗസന്നദ്ധമായ കൈയൊപ്പു പതിഞ്ഞിരുന്നു. സംഘകാര്യാലയം,ഓഫിസ്, വീട് എന്നീ ത്രിവിധങ്ങളിലൂടെ സമാജത്തെ സേവിക്കാനിറങ്ങിയ ശിശുപാല്‍ജി കുടുംബനാഥന്റെ കര്‍ത്തവ്യം ഒരുടവും തട്ടാതെ കാത്തു പോന്നു. സര്‍ക്കാര്‍ കാര്യങ്ങള്‍ എങ്ങനെയൊക്കെ, ഏതു വഴിയില്‍ ചെയ്യണമെന്ന ബോധ്യമുള്ളതിനാല്‍ ഔദ്യോഗിക കാര്യങ്ങളില്‍ സംഘത്തിന്റെ കാര്യകര്‍ത്താക്കള്‍ക്കൊപ്പം ഭരണ നേതൃത്വങ്ങളുമായുള്ള ഇടപെടലിലും അദ്ദേഹം തന്റെ ഭാഗം ഭംഗിയായി നിര്‍വഹിച്ചു. പോപ്പിന്റെ സന്ദര്‍ശനശേഷം ശംഖുമുഖത്തെ വേദി പൊളിക്കാതിരുന്നത് വിവാദമായപ്പോള്‍ അധികാര നേതൃവുമായി നടത്തിയ ചര്‍ച്ചയിലും ശിശുപാല്‍ജി പങ്കെടുത്തു. ഒടുവില്‍ തൃശൂരും തിരുവനന്തപുരത്തും പോപിന് വേണ്ടി ഉയര്‍ത്തിയ വേദികള്‍ പൊളിക്കപ്പെട്ടു. തിരുവനന്തപുരത്തെ സംഘചരിത്രത്തില് ശിശുപാല്‍ജി അവിഭാജ്യഘടകമാണ്.
അടിയന്തരാവസ്ഥക്കാലത്ത് തന്ത്രപൂര്‍വം പ്രവര്‍ത്തിച്ചതിന്റെയും ചില മേലുദ്യോഗസ്ഥരുടെ സ്നേഹപൂര്‍ണമായ ഇടപെടലിന്റെയും ഫലമായി അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നില്ല. നിലയ്ക്കല്‍ പ്രക്ഷോഭകാലത്ത് സ്ഥിതിയില്‍ മാറ്റമുണ്ടായി. സംന്യാസിമാര്‍ക്കെതിരെ കയ്യേറ്റമുണ്ടായെന്നറിഞ്ഞയുടന്‍ ലീവ് എഴുതിവെച്ച് അദ്ദേഹം നിലയ്ക്കലേക്കു തിരിച്ചു.അന്ന് ടെക്നിക്കല്‍ സൂപ്രണ്ടായിരുന്നു ശിശുപാല്‍ജി.കരുണാകരന് സര്‍ക്കാര്‍ അദ്ദേഹത്തെ സസ്പെന്റ് ചെയ്തെങ്കിലും പ്രക്ഷോഭശേഷം അതു പിന്‍വലിക്കേണ്ടി വന്നു.
ഹൈന്ദവ ധര്‍മത്തിനെതിരെ എവിടെ നിന്നുള്ള ഏതു നീക്കവും ചെറുക്കാന്‍ സംഘത്തിന്റെ ദിശാബോധവും പേറി ശിശുപാല്‍ജി മുന്നണിപ്പോരാളിയായി. സമരമുഖത്തേക്ക് അറച്ചു നില്‍ക്കാതെ മുന്നേറാനുള്ള അദ്ദേഹത്തിന്റെ ആര്‍ജവം പ്രവര്‍ത്തകര്‍ക്ക് നവോന്മേഷം പകരുന്നതായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ സംഘടനാ സെക്രട്ടറി, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ എന്നീ നിലകളില്‍ ഉജ്ജ്വല പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. സംഘപ്രവര്‍ത്തനങ്ങളില്‍ കുടുംബത്തെ ഭാഗഭാക്കാക്കിക്കൊണ്ട് മാതൃകാപരമായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ആദര്‍ശവാനും നിഷ്ഠാവാനുമായ ശിശുപാല്‍ജിയുടെയും അതേ പാതയില്‍ ചരിച്ച ഒട്ടു വളരെ പേരുടെയും പ്രവര്‍ത്തന ഫലമാണിന്നത്തെ പ്രോജ്ജ്വലസംഘവളര്‍ച്ചയെന്ന് നിസ്സംശയം പറയാം. ശിശുപാല്‍ജിയെ പോലുള്ള സംഘ തേജസ്സ് പ്രസ്ഫുരിപ്പിക്കുന്നവരുടെ ഓര്മ പോലും അനല്പമായ കരുത്താണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്.
പി.പി. മുകുന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: