ന്യൂദല്‍ഹി: 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം സഖ്യകക്ഷിയായ ഡിഎംകെയില്‍നിന്ന് സംഭാവനയായി സ്വീകരിച്ചത് 10 കോടി രൂപ. സംഭാവന സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പാര്‍ട്ടി നല്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 2019 ഏപ്രില്‍ അഞ്ച്, ഒന്‍പത്, 11 തീയതികളിലായി എട്ട് എന്‍ഇഎഫ്ടി കൈമാറ്റങ്ങളിലൂടെയായിരുന്നു ഡിഎംകെ പത്തുകോടി രൂപയുടെ സംഭാവന കൈമാറിയത്.
സംഭാവനയായി ലഭിച്ച ആകെ തുകയുടെ അന്‍പത് ശതമാനത്തിലധികം വരുമിത്. 2019-20 കാലഘട്ടത്തില്‍ 19.7 കോടി രൂപ ലഭിച്ചതായി സിപിഎം വെളിപ്പെടുത്തിയിട്ടുണ്ട്. 2018-19 വര്‍ഷമിത് 3.3 കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ രീതിയുള്ള പണത്തിന്റെ ഒഴുക്ക് 2019-20 വര്‍ഷം സിപിഎമ്മിന്റെ അക്കൗണ്ടിലേക്കുണ്ടായി.
ഡിഎംകെയെ കൂടാതെ മുത്തൂറ്റ് ഫിനാന്സസില്നിന്ന് 2.65 കോടി രൂപ സിപിഎം സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ജിനിയറിംഗ് കമ്പനി 50 ലക്ഷവും സംഭാവനയായി നല്കി. മറ്റ് തുകകള്‍ കേരളത്തിലെ സ്വര്‍ണ വ്യാപാരികളില്‍നിന്നുമാണ്. പൊതു തെരഞ്ഞെടുപ്പിന്റെ സമയത്ത് രാജ്യത്തുടനീളം സിപിഎമ്മിനുണ്ടായ ചെലവ് 34.9 കോടി.
അതേസമയം, 2019-ല്‍ മറ്റൊരു സഖ്യകക്ഷിയായ സിപിഐക്കും ഡിഎംകെ 15 കോടി രൂപ സംഭാവനയായി നല്കി. ഇതേവര്‍ഷം സെപ്റ്റംബര്‍ ആറിനാണ് സിപിഎം ലോക്സഭാ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച പ്രസ്താവന ഫയല്‍ ചെയ്തത്. ഇതില്‍ ഡിഎംകെയുടെ കയ്യില്‍നിന്ന് സ്വീകരിച്ച സംഭാവനയെക്കുറിച്ച് പറയുന്നില്ല.
എന്നാല്‍ 11.3 കോടി രൂപ തമിഴ്നാട് ഘടകത്തിന്റെ ചെലവായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 15 കോടി വരവായും കാണിച്ചിട്ടുണ്ട്. അതേസമയം 2019-ല്‍ ഡിഎംകെ നല്കിയ തെരഞ്ഞെടുപ്പ് ചെലവ് പ്രസ്താവനയില്‍ ഇടതുപാര്‍ട്ടിക്ക് പത്തുകോടി രൂപ മൂന്ന് തീയതികളിലായി നല്‍കിയെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: