ന്യൂദല്‍ഹി: പെട്രോളിയം ഉത്പന്നങ്ങളെ ചരക്ക് സേവന നികുതിയില്‍ പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവും പേറാതെ, അക്ഷരാര്‍ഥത്തില്‍ കൈ നനയാതെ കീശയില്‍ വന്നുചേരുന്ന വലിയൊരു വരുമാനം കുറയുമെന്ന ഭീതിയില്‍ കേരളം അടക്കം പല സംസ്ഥാനങ്ങളും ഇതിനെ എതിര്‍ക്കുകയാണ്. ബംഗാളും രാജസ്ഥാനും ഇതിനെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളാണ്.
ഇവരുടെ എതിര്‍പ്പു കാരണമാണ് പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്താന്‍ സാധിക്കാതെ വരുന്നത്. ഇവയുടെ വില കൂടിയ സമയത്ത് ഗുജറാത്ത്, ഹരിയാന ആസാം, മേഘാലയ തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ നികുതിയും മറ്റും വലിയ തോതില്‍ കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍, ഒരു കുറവും വരുത്തില്ലെന്ന കടുത്ത നിലപാടാണ് കേരളം സ്വീകരിച്ചത്. കുറയ്ക്കില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പലകുറി പറഞ്ഞിട്ടുമുണ്ട്.
ഓരോ സംസ്ഥാനത്തും ഇവയുടെ തീരുവ വ്യത്യസ്തമാണ്. അതിനാല്‍ വില ഓരോ സംസ്ഥാനത്തും വേറെയാണ്. ജിഎസ്ടി ചുമത്തിയാല്‍ ഇന്ത്യയൊട്ടാകെ ഒരു വിലയാകും, പലതരം നികുതികള്‍ കുറഞ്ഞ് ഒരൊറ്റ നികുതിയാകുന്നതോടെ വിലയും വലിയ തോതില്‍ കുറയും. ഇവയുടെ വിലയില്‍ പകുതിയും നികുതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: