തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗീസ്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കൊപ്പം ക്ലിഫ് ഹൗസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. 2019 ഓഗസ്റ്റിലാണ് കൂടിക്കാഴ്ച നടത്തിയതന്നും ഷിജു അറിയിച്ചു.
കൂടിക്കാഴ്ചയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ചോദിച്ച് മനസിലാക്കിയെന്നും ഷിജു വര്‍ഗീസ് സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇഎംസിസിയുമായുള്ള ധാരണാപത്രവും, സ്ഥലം അനുവദിച്ച രേഖയും പുറത്തുവിട്ട് ചെന്നിത്തല മുഖ്യമന്ത്രി കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യം ഷിജുവിന്റെ വെളിപ്പെടുത്തലുകളും പുറത്തുവന്നിരിക്കുന്നത്.
വിദേശ കമ്പനിയുമായി ഒരുകരാറും ഒപ്പിട്ടില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിക്കുമ്പോഴാണ് പിആര്‍ഡിയുടെ ഒരു പരസ്യം പുറത്ത് വരുന്നത്. ബോട്ട് നിര്‍മ്മിക്കുന്നതിന് വിദേശകമ്പനിയുമായി ധാരണയായെന്നാണ് സര്‍ക്കാര്‍ പരസ്യത്തിലുള്ളത്. ഇത് മാത്രമല്ല കെഎസ്ഐഡി സിയുമായി ഇഎംസിസി ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഒപ്പുവച്ച ധാരണപത്രവും ചേര്‍ത്തല പള്ളിപ്പുറത്ത് നാല് ഏക്കര്‍ സ്ഥലം അനുവദിച്ചുള്ള ഉത്തരവും ചെന്നിത്തല പുറത്ത് വിട്ടതോടെ മുഖ്യമന്ത്രി വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാല്‍ താന്‍ അമേരിക്കയില്‍ പോയത് യുഎന്നിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണെന്നാണ് മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത്.
അതിനിടെ രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനും രംഗത്ത് എത്തി. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ആസൂത്രിത ശ്രമമാണ്. പ്രതിപക്ഷ നേതാവിന് എന്തെങ്കിലും ഒരു കടലാസ് എടുത്ത് ഹാജരാക്കിയാല്‍ മതി. അതിന് വിശ്വാസ്യത വേണം എന്ന് നിര്‍ബന്ധം ഇല്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം ആരോപണങ്ങളുണ്ടാകും.
കോടിക്ക് വിലയില്ലാതാകുക തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ്. ചെന്നിത്തല പൂജ്യം കണക്കില്ലാതെ കൂട്ടി അഴിമതി ആരോപണം ഉന്നയിക്കുകയാണ്. ചെന്നിത്തലയെ കണക്ക് പഠിപ്പിച്ച അധ്യാപകനെ ഞാന്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് വിജയരാഘവന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: