അഞ്ചല്‍: സിപിഎം അണികള്‍ കൊഴിഞ്ഞ് പോയതിന്റെ വിരോധത്തില്‍ കോണ്‍ഗ്രസ് നേതാവ് അഞ്ചല്‍ നെട്ടയം രാമഭദ്രനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മുകാരായ 19 പ്രതികള്‍ കുറ്റം ചുമത്തലിന് ഹാജരാകാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് മാര്‍ച്ച് 20ന് ഹാജരാകാനാണ് ഉത്തരവ്.
പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടി വയ്ക്കണമെന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് എടുത്തിട്ടില്ലായെങ്കില്‍ വിവരത്തിന് സത്യവാങ്മൂലം സമര്‍പ്പിക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. തെളിവുകള്‍ നശിപ്പിക്കരുത്. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി വീണ്ടും തുറങ്കിലടയ്ക്കുമെന്നും ജാമ്യ ഉത്തരവില്‍ സിബിഐ ജഡ്ജി സനില്‍കുമാര്‍ വ്യക്തമാക്കുന്നു.
മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയുടെ പിഎ അടക്കമുള്ള സിപിഎം നേതാക്കളും അണികളുമായ 19 പ്രതികളാണ് വിചാരണ നേരിടേണ്ടത്. 21 പേരുള്ള പ്രതിപ്പട്ടികയില്‍ നിന്നും 2 പ്രതികളെ കുറവു ചെയ്ത് കോടതി മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. 2010 ഏപ്രില്‍ 10ന് രാത്രിയിലായിരുന്നു സംസ്ഥാനത്തെ നടുക്കിയ കൊലപാതകം നടന്നത്. രാമഭദ്രനെ സിപിഎമ്മുകാര്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പുനലൂര്‍, അഞ്ചല്‍ മേഖലകളിലെ സിപിഎം അനുഭാവികളും അണികളും മികച്ച സംഘാടകനായ രാമഭദ്രന്റെ സജീവ, സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനഫലമായി സിപിഎം വിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. സിപിഎം പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കുള്ള അണികളുടെ കൊഴിഞ്ഞു പോക്കില്‍ നിന്നുടലെടുത്ത ഈ രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായി സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
സിപിഎം കൊല്ലം മുന്‍ ജില്ലാകമ്മിറ്റി അംഗം ബാബു പണിക്കര്‍, മുന്‍ അഞ്ചല്‍ ഏരിയാ സെക്രട്ടറി പി.എസ്. സുമന്, ഡിവൈഎഫ്ഐ നേതാവ് പുനലൂര്‍ റിയാസ്, മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം കുണ്ടറ മാര്‍ക്സണ്‍ യേശുദാസ്, സിപിഎമ്മുകാരായ ഗിരീഷ് കുമാര്‍, ജെ. പത്മന്, ടി.അഫ്സല്, നജുമല്‍ ഹുസൈന്, ഷിബു, വി. വിമല്‍, എസ്. സുധീഷ്, ഷാന്‍, രതീഷ്, ബിജു, ജി. രഞ്ജിത്, കൊച്ചുണ്ണി എന്ന സാലി, മുനീര്‍ എന്ന റിയാസ്, ജയമോഹന്, റോയിക്കുട്ടി എന്നിവരാണ് 19 പ്രതികള്‍. ഇവരടക്കം 21 സിപിഎമ്മുകാരായിരുന്നു കേസിലെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: