കൊല്ലം: പുതിയ ഭരണസമിതിയുടെ ആദ്യത്തെ കോര്പ്പറേഷന് ബജറ്റില്‍ കവിതകളുടെ വേലിയേറ്റം. 958,82,35,085 രൂപ വരവും 1077,41,02,009 രൂപ ചെലവും 46,82,64,842 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവാണ് അവതരിപ്പിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഓരോ മേഖലയുടെയും ശീര്ഷകത്തിന് പകരം ഒറ്റവരിയിലും രണ്ടുവരിയിലും നാലുവരിയിലും കവിതകള്‍ ചേര്‍ത്തായിരുന്നു സാംസ്കാരികപ്രവര്ത്തകന് കൂടിയായ ഡെപ്യൂട്ടി മേയറുടെ ബജറ്റ്.
കോര്പ്പറേഷന് പരിധിയിലെ ചേരികളുടെ വികസനത്തിനായി 2 കോടി രൂപയും ശുചീകരണത്തിനായി 6 കോടി രൂപയും കുടിവെള്ളപദ്ധതികള്‍ക്കായി 10 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. എല്ലാ ഡിവിഷനുകളിലും ജനസേവനകേന്ദ്രം ആരംഭിക്കാനായി ഒരു കോടിയും ചെറുകിട വ്യവസായ പദ്ധതികള്‍ക്കായി 8.89 കോടിയും മൃഗസംരക്ഷണത്തിന് 1.74 കോടിയും ക്ഷീരവികസനത്തിനായി 1.15 കോടിയും വഴിവാണിഭക്കാരുടെ പുനരധിവാസ പദ്ധതിക്കായി 3 കോടി രൂപയും വകയിരുത്തി.
ആയിരം ഭവനങ്ങളുടെ നിര്‍മ്മാണത്തിന് 51,50,00,000 രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് പ്രത്യേകമായി 51,75,00,000 രൂപയും വകയിരുത്തി. വിശ്രമപാര്ക്കുകള്ക്കായി 2.35 കോടി രൂപയും വിദ്യാഭ്യാസത്തിനായി 2.47 കോടിയും ആധുനിക ജിംനേഷ്യത്തിനായി ഒരുകോടിയും മത്സ്യമേഖലക്കായി 1.45 കോടിയും പൊതുശൗചാലയങ്ങള്‍ക്കായി 1.36 കോടി രൂപയും വകയിരുത്തി.
ടൂറിസം, ഹരിത നഗരം പദ്ധതി, വട്ടക്കായല്‍, കൊല്ലം തോട്-താന്നി സൗന്ദര്യവല്‍ക്കരണത്തിന് 10.93 കോടിയും തെരുവുവിളക്ക് പരിപാലനത്തിനായി 25 കോടിയും വകയിരുത്തി. നിലാവ് പദ്ധതി പ്രകാരമാകും ഇനി തെരുവുവിളക്കുകള്‍ സ്ഥാപണ്ടിക്കലും പരിപാലനവും. പാര്‍ക്കിംഗ് സൗഹൃദ നഗരം പദ്ധതിക്കായി 17.31 കോടിയും ബിപിഎല്‍ അംഗങ്ങള്‍ക്ക് ഡയാലിസിസിന് സഹായിക്കാനായി 3.83 കോടിയും ബഡ്സ് സ്കൂള്‍, പകല്‍വീട് എന്നിവയ്ക്ക് വാഹന സൗകര്യം ഉറപ്പാക്കാനായി 16 ലക്ഷം രൂപയും വകയിരുത്തി.
125 കോടി ചെലവിട്ട് കുരീപ്പുഴയില്‍ മാലിന്യപ്ലാന്റ്
കുരീപ്പുഴ നിവാസികളുടെ പ്രതിഷേധങ്ങളെ അവഗണിച്ച് മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ച് കോര്പ്പറേഷന്. ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ 125 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ഗ്ഗ്ദാനം ചെയ്താണ് ബജറ്റില്‍ പ്ലാന്റിന്റെ കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് ആധുനികമായ രീതിയിലാകും സ്ഥാപിക്കുക. ഇതിനായി 75 കോടി രൂപയും സിവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനായി 50കോടി രൂപയുമാണ് വകയിരുത്തിയത്. ഇതോടൊപ്പം എയറോബിക് കമ്പോസ്റ്റ് പ്ലാന്റിന് 1.35 കോടി രൂപയും വകയിരുത്തി.
തട്ടിക്കൂട്ട് ബജറ്റ്: ബിജെപി
അസംബ്ലി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തട്ടികൂട്ട് ബജറ്റാണിതെന്ന് ബിജെപി. 20 വര്‍ഷമായി ബജറ്റില്‍ ആവര്ത്തിക്കുന്നതാണിതെല്ലാം. കുടിവെള്ളം, മാലിന്യപ്രശ്നം, തെരുവ് വിളക്ക്, സ്ലാട്ടര്‍ഹൗസ്, തെരുവ്നായ ശല്യം തുടങ്ങി ഒന്നിനും പരിഹാരമില്ല. യുവാക്കളെയും വയോധികരെയും അവഗണിച്ചു. ആരോഗ്യമേഖലയില്‍ കാര്യമായ പരിഗണന ലഭിച്ചില്ലെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.ജി ഗിരീഷ് കുമാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: