കൊല്‍ക്കൊത്ത: കേരളത്തിലും ബംഗാളിലും ഒരുമിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കളത്തില്‍ പിടിച്ചുനില്ക്കാന് അല്പം ഒളിച്ചുകളിയാകാമെന്ന തീരുമാനത്തിലാണ് രാഹുലും പ്രിയങ്കയും. ഇതിന് കാരണം കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഏറ്റുമുട്ടുമ്പോള്‍ ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യകക്ഷികളാണെന്നത് തന്നെ.
ശനിയാഴ്ച ബംഗാളില്‍ നടന്ന കോണ്‍ഗ്രസ്-ഇടത് റാലിയില്‍ നിന്നും രാഹുലും പ്രിയങ്കഗാന്ധിയും വിട്ടുനിന്നു. കേരളത്തില്‍ ഇത് സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാകുന്നത് ഒഴിവാക്കാനായിരുന്നു ഈ നീക്കമെന്നറിയുന്നു. കൊല്‍ക്കത്തിയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലായിരുന്നു ശനിയാഴ്ചത്തെ സംയുക്ത സിപിഎം-കോണ്‍ഗ്രസ് റാലി.
ഫിബ്രവരി 23ന് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുകയാണ്. കേരളത്തിലെ സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിക്കാനാണ് രാഹുല്‍ എത്തുന്നത്. രാഹുല്‍ കൊല്‍ക്കത്തയിലെ റാലിയില്‍ പങ്കെടുത്താല്‍ അത് കേരളത്തില്‍ തെറ്റിദ്ധാരണ പരത്തുമെന്ന ഭീതി കോണ്‍ഗ്രസ് ഹൈക്കമാന്റിലുമുണ്ട്. കാരണം റാലിയുടെ ഭാഗമായുള്ള പ്രസംഗവേദിയില്‍ രാഹുല്‍ ഗാന്ധി ഇടതുനേതാക്കള്ക്കൊപ്പമിരുന്നാല് അത് കേരളത്തില്‍ വലിയ ട്രോളുകള്‍ക്ക് കാരണമാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് ഭയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: