കവരത്തി: കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന, വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുടെ ലക്ഷദ്വീപ് സന്ദർശനം പുരോഗമിക്കുന്നു. കവരത്തി ദ്വീപിൽ ലക്ഷദ്വീപ് വനം പരിസ്ഥിതി വകുപ്പിന്റെ ആസ്ഥാന മന്ദിരമായ അടൽ പര്യാവരൺ ഭവൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ നാടിന് സമർപ്പിച്ചു. ലക്ഷദ്വീപിന്റെ പ്രകൃതി സൗന്ദര്യം നിലനിർത്തി കൊണ്ട് തന്നെ മൂന്ന് ദ്വീപുകളിൽ നീതി ആയോഗ് പദ്ധതിയുടെ കീഴിൽ അന്തർദേശീയ നിലവാരത്തിലുള്ള വിനോദ സഞ്ചാര പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതികൾ നൽകിയതായി ജാവദേക്കർ പറഞ്ഞു. ഇതിലൂടെ ലക്ഷദ്വീപ് ഉയർന്ന സാമ്പത്തിക വളർച്ചയും കൂടുതൽ തൊഴിൽ അവസരങ്ങളുമുള്ള പ്രദേശമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
പാരിസ്ഥിതിക വകുപ്പ് ചുമതലയേറ്റടുത്തത് മുതൽ ദേശീയ സുരക്ഷ മുൻ നിർത്തി അതിർത്തികളിൽ വർഷങ്ങളായി പാരിസ്ഥിതിക അനുമതികൾ ലഭിക്കാതെ മുടങ്ങി കിടന്നിരുന്ന വികസന പ്രവർത്തനങ്ങളെല്ലാം തന്നെ ത്വരിതഗതിയിൽ പൂർത്തികരിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്ന മാത്രകയിൽ പ്രകൃതി സുരക്ഷ ഉറപ്പ് വരുത്തി കൊണ്ട് തന്നെ രാജ്യത്തിന്റെ സമഗ്ര വികസനം ഉറപ്പ് വരുത്തുമെന്നും ജാവദേക്കർ പറഞ്ഞു.
കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമാണ് പര്യാവരൺ ഭവൻ. പവിഴപ്പുറ്റ് സംബന്ധമായതും മറ്റ് സമുദ്ര ജൈവവൈവിധ്യങ്ങൾ സംബന്ധിച്ചുമുള്ള ഗവേഷണങ്ങൾക്കായി അത്യാധുനിക സൗകര്യങ്ങളോടെ 22,150 ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഹരിത കെട്ടിടമാണിത്. രാജ്യത്തിന്റെ പവിഴപ്പുറ്റുകളുടെ പറുദീസയിൽ പ്രകൃതിദത്ത നിധി സംരക്ഷിച്ചതിന് ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള വനം പരിസ്ഥിതി വകുപ്പിനെ അദ്ദേഹം അഭിനന്ദിച്ചു.
പരിസ്ഥിതി സൗഹൃദ ജീവിത ശൈലിയും പാരമ്പര്യവും പിന്തുടരുകയും ലക്ഷദ്വീപിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയും ചെയ്തുവരുന്ന ലക്ഷദ്വീപ് നിവാസികൾക്ക് കേന്ദ്രമന്ത്രി ആശംസകൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: